കണങ്കാലിനേറ്റ പരിക്ക് ഭേദമാകാത്തതിനാൽ സ്റ്റാർ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്ക് ബംഗാളിൻ്റെ ഓപ്പണിംഗ് രഞ്ജി ട്രോഫി മത്സരങ്ങൾ നഷ്ടമാകും. ശസ്ത്രക്രിയയിൽ നിന്ന് സുഖം പ്രാപിക്കുന്ന വെറ്ററൻ പേസർ 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം കളിച്ചിട്ടില്ല. രാജ്യാന്തര വേദിയിലേക്ക് തിരിച്ചുവരുന്നതിന് മുമ്പ് ആഭ്യന്തര ക്രിക്കറ്റിൽ തൻ്റെ ഫിറ്റ്‌നസ് പരീക്ഷിക്കാനാണ് ഷമി ഉദ്ദേശിക്കുന്നത്. എന്നാൽ അതിനായി ഇനിയും കാത്തിരിക്കേണ്ടി വരും.
അതേസമയം, പരിചയസമ്പന്നനായ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും ടോപ് ഓർഡർ ബാറ്റ്‌സ്മാൻ സുദീപ് ചാറ്റർജിയും ആദ്യ രണ്ട് മത്സരങ്ങളിൽ തിരിച്ചെത്തുന്നത് ബംഗാൾ ടീമിന് കരുത്ത് പകരും.
ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി)യുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് മുമ്പ് ബംഗാൾ വിട്ട് ത്രിപുരയിൽ ചേർന്ന സാഹ, ഇപ്പോൾ വീണ്ടും ബംഗാൾ ജേഴ്സി ധരിക്കാൻ ഒരുങ്ങുകയാണ്. ക്യാപ്റ്റൻ അനുസ്തുപ് മജുംദാറിന് കീഴിൽ, 19 അംഗ ബംഗാൾ സ്ക്വാഡ് ഒക്ടോബർ 11 ന് ലഖ്‌നൗവിൽ ഉത്തർപ്രദേശിനെ നേരിടും, തുടർന്ന് ബീഹാറിനെതിരെ ഹോം മത്സരവും കളിക്കും.