ബംഗ്ലാദേശിന്റെ മുന്‍ ടെസ്റ്റ് പേസര്‍ ഷഹാദത്ത് ഹൊസൈനെ വിലക്കി ബോര്‍ഡ്. നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ ധാക്കയും ഖുല്‍നയും തമ്മിലുള്ള മത്സരത്തില്‍ അറാഫത്ത് സണ്ണിയെ കൈയ്യേറ്റം ചെയ്തതിനാണ് ഷഹാദത്തിനെതിരെ നടപടി. ഷഹാദത്തിന് പന്തിന്റെ ഒരു സൈഡ് ഷൈന്‍ ചെയ്യിക്കുവാനുള്ള കഴിവില്ലെന്ന് അറാഫത്ത് പറഞ്ഞതാണ് താരത്തെ ചൊടിപ്പിച്ചത്. മറ്റു താരങ്ങളെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
കുറഞ്ഞത് ഒരു വര്‍ഷത്തെ വിലക്കാണ് ഷഹാദത്തിനെതിരെയുണ്ടാകുകയെന്നാണ് അറിയുന്നത്. ഇത് കൂടാതെ 50000 ബംഗ്ലാദേശി ടാക്കയും പിഴയായി ചുമത്തിയിട്ടുണ്ട്.
തന്റെ ഭാവിയെക്കുറിച്ച് അറിയില്ലെന്നും തന്നെ ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണെന്നും ഷഹാദത്ത് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ദേഷ്യം പെട്ടെന്ന് വന്ന് എടുത്ത് ചാടിയതാണെന്നും എന്നാല്‍ താന്‍ മാത്രമല്ല അറാഫത്ത് സണ്ണിയും കുറ്റക്കാരനാണെന്നും, താന്‍ പന്ത് ഷൈന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഇകഴ്ത്തുന്ന രീതിയില്‍ പരിഹസിക്കുകയാണ് സണ്ണി ചെയ്തെന്നും അത് തന്നെ ചൊടിപ്പിച്ചുവെന്നും ഷഹാദത്ത് പറഞ്ഞു.