തിരിച്ചുവരവിന്റെ പാതയിലായിരുന്ന ന്യൂസിലാണ്ടിനു തടയിട്ട് ഷദബ് ഖാന്‍. റോസ് ടെയിലര്‍-ടോം ലാഥം കൂട്ടുകെട്ടിന്റെ ബലത്തില്‍ 78/3 എന്ന നിലയില്‍ നിന്ന് 208/3 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയ ന്യൂസിലാണ്ടിന്റെ ഒറ്റയോവറില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയ ഷദബ് ഖാന്‍ ആണ് പ്രതിരോധത്തിലാക്കിയത്. നേരത്തെ കെയിന്‍ വില്യംസണിന്റെ വിക്കറ്റും നേടിയ ഷദബ് ഖാന്‍ ടോം ലാഥം(68), ഹെന്‍റി നിക്കോളസ്(0) എന്നിവരെ തുടരെയുള്ള പന്തുകളില്‍ പുറത്താക്കിയെങ്കിലും ഹാട്രിക്ക് നേട്ടം കോളിന്‍ ഡി ഗ്രാന്‍ഡോം നിഷേധിച്ചു. എന്നാല്‍ അടുത്ത പന്തില്‍ തന്നെ ഗ്രാന്‍ഡോമിനെയും പൂജ്യത്തിനു പുറത്താക്കി ഷദബ് ഓവറിലെ തന്റെ വിക്കറ്റ് നേട്ടം മൂന്നാക്കി.
78/3 എന്ന നിലയില്‍ നിന്ന് 130 റണ്‍സാണ് റോസ് ടെയിലര്‍-ടോം ലാഥം കൂട്ടുകെട്ട് നേടിയത്. ഷദബിന്റെ തൊട്ടടുത്ത ഓവറില്‍ റോസ് ടെയലിറിനെ ഇമാദ് വസീം പുറത്താക്കിയപ്പോള്‍ ന്യൂസിലാണ്ടിന്റെ സ്ഥിതി കൂടുതല്‍ ദയനീയമായി. 208/3 എന്ന നിലയില്‍ നിന്ന് 208/6 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ട് 50 ഓവര്‍ പിന്നിട്ടപ്പോള്‍ 266 റണ്‍സിലേക്ക് എത്തിച്ചത് എട്ടാം വിക്കറ്റില്‍ ടിം സൗത്തി-ഇഷ് സോധി കൂട്ടുകെട്ടിന്റെ ബാറ്റിംഗ് മികവിലൂടയാണ്. 9 വിക്കറ്റുകളാണ് ന്യൂസിലാണ്ടിനു നഷ്ടമായത്.
തന്റെ അവസാന ഓവറുകള്‍ എറിയാനെത്തിയ ഷഹീന്‍ അഫ്രീദി ഇഷ് സോധിയെയും ടിം സൗത്തിയെയും പുറത്താക്കി വീണ്ടും പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. ഇഷ് സോധി 24 റണ്‍സും ടിം സൗത്തി 20 റണ്‍സുമാണ് നേടിയത്. അവസാന ഓവറുകളില്‍ സിക്സുകളുടെ സഹായത്തോടെ 42 റണ്‍സ് കൂട്ടുകെട്ടും ഇവര്‍ എട്ടാം വിക്കറ്റില്‍ നേടി.
ഷദബ് ഖാനും ഷഹീന്‍ അഫ്രീദിയും 4 വിക്കറ്റ് വീതം മത്സരത്തില്‍ നേടിയപ്പോള്‍ ഇമാദ് വസീമിനാണ് ഒരു വിക്കറ്റ്.