മൊഹാലി: ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തോൽവി. ഉത്തർപ്രദേശ് 19 റൺസിനാണ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഉത്തർപ്രദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 18.2 ഓവറിൽ 88 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
ടോസ് നേടിയ ഉത്തർപ്രദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ സമ്പദ ദീക്ഷിത് 15ഉം മുസ്കാൻ മാലിക് അഞ്ചും റൺസെടുത്ത് മടങ്ങി. തുടർന്നെത്തിയ ക്യാപ്റ്റൻ സൊനാലി സിങ്ങാണ് ഉത്തർപ്രദേശിനെ കരകയറ്റിയത്. 22 റൺസെടുത്ത സൊനാലിയെ സലോണി ദങ്കോരെയാണ് പുറത്താക്കിയത്. തുടർന്ന് അഞ്ചാം വിക്കറ്റിൽ നിഷു ചൌധരിയ്ക്കൊപ്പം ഒത്തു ചേർന്ന അഞ്ജലി സിങ്ങിൻ്റെ പ്രകടനമാണ് ഉത്തർപ്രദേശിൻ്റെ സ്കോർ 107ൽ എത്തിച്ചത്. 18 പന്തുകളിൽ അഞ്ച് ഫോറടക്കം 31 റൺസുമായി അഞ്ജലി സിങ് പുറത്താകാതെ നിന്നു. നിഷു ചൌധരി 19 റൺസെടുത്തു. കേരളത്തിന് വേണ്ടി സലോനി ഡങ്കോരെ മൂന്നും ദർശന മോഹനും എസ് ആശയും ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി 35 റൺസെടുത്ത ദൃശ്യ ഐ വി മാത്രമാണ് ഭേദപ്പെട്ട ബാറ്റിങ് കാഴ്ച വച്ചത്. ക്യാപ്റ്റൻ സജന സജീവൻ 12ഉം എസ് ആശ പത്തും റൺസ് നേടി. ബാക്കിയുള്ളവർക്ക് രണ്ടക്കം പോലും കടക്കാനായില്ല. ഉത്തർപ്രദേശിന് വേണ്ടി സോനം യാദവ് മൂന്നും അർച്ചന ദേവി, അഞ്ജലി സിങ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.