മൂന്നാം ടി20യില്‍ സഞ്ജുവിന് പകരം മനീഷ് പാണ്ടേ കളിക്കുവാന്‍ സാധ്യത കൂടുതല്‍, കാരണം വ്യക്തമാക്കി സേവാഗ്

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ മൂന്നാം ടി20യില്‍ സഞ്ജു സാംസണ് പകരം മനീഷ് പാണ്ടേ കളിക്കുമെന്ന് പറഞ്ഞ് വിരേന്ദര്‍ സേവാഗ്. വിരാട് കോഹ്‍ലിയുടെ ടീം മാറ്റുന്ന പ്രവണത വെച്ചാണ് താനിത് പറയുന്നതെന്നും സേവാഗ് കൂട്ടിചേര്‍ത്തു. രണ്ടാം മത്സരത്തില്‍ മനീഷ് പാണ്ടേയ്ക്ക് പകരം ശ്രേയസ്സ് അയ്യര്‍ ആണ് ടീമില്‍ കളിച്ചത്.

സഞ്ജുവിന് രണ്ട് മത്സരങ്ങളിലും മികച്ച തുടക്കം ലഭിച്ചുവെങ്കിലും അത് വലിയ സ്കോര്‍ ആക്കി മാറ്റുവാന്‍ സാധിച്ചിരുന്നില്ല. പരമ്പര സ്വന്തമാക്കിയ ടീമിന് വൈറ്റ്‍വാഷിനായി മാറ്റങ്ങളില്ലാതെ ഇറങ്ങാവുന്നതാണെങ്കിലും വിരാട് കോഹ്‍ലി ഇത്തരം മാറ്റങ്ങള്‍ക്ക് താല്പര്യപ്പെടുന്ന വ്യക്തി ആയതിനാല്‍ തന്നെ സഞ്ജുവിനെ പുറത്തിരുത്തവാനാണ് സാധ്യതയെന്ന് സേവാഗ് പറഞ്ഞു.

മനീഷ് പാണ്ടേയ്ക്ക് ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചുവെങ്കിലും താരത്തിന്റെ മുട്ടിന്റെ പ്രശ്നം കാരണം രണ്ടാം മത്സരത്തില്‍ പുറത്തിരുത്തുകയായിരുന്നു. രണ്ട് മത്സരങ്ങളില്‍ അവസരം ലഭിച്ച സഞ്ജുവിന് പകരം ഇന്ത്യ മനീഷിന് അവസരം നല്‍കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സേവാഗ് സൂചിപ്പിച്ചു.