ബംഗ്ലാദേശിന്റെ സിംബാബ്വേയ്ക്കെതിരെയുള്ള പര്യടനത്തിലെ ഷെഡ്യൂളിൽ മാറ്റം. ഒരു ടി20 അധികം ചേർക്കുന്നതിന് വേണ്ടി ഒരു ടെസ്റ്റ് മത്സരം വെട്ടിച്ചുരുക്കുവാനാണ് ഇരു ബോർഡുകളും തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 7ന് ആണ് പര്യടനം ആരംഭിക്കുന്നത്. ബംഗ്ലാദേശ് ആദ്യം രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും രണ്ട് ടി20 മത്സരവുമാണ് കളിക്കാനിരുന്നിരുന്നത്.
ധാക്ക പ്രീമിയർ ലീഗിന് വേണ്ട സമയം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള മാറ്റം കൊണ്ടുവന്നതെന്നാണ് ബിസിബി ക്രിക്കറ്റ് ഓപ്പറേഷൻ ചെയർമാൻ അക്രം ഖാൻ പറയുന്നത്. മേയ് 31ന് ആണ് ബംഗ്ലാദേശ് ധാക്ക പ്രീമിയർ ലീഗ് സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്. ജൂണ് 29ന് ബംഗ്ലാദേശ് സിംബാബ്വേയിലേക്ക് പറക്കും.
ജൂലൈ ഏഴിന് ആദ്യ ടെസ്റ്റിന് മുമ്പ് ഒരു ദ്വിദിന സന്നാഹ മത്സരത്തിൽ ബംഗ്ലാദേശ് കളിക്കും. ഏകദിന പരമ്പര ആരംഭിക്കുന്നതിന് മുമ്പും ടീം ഒരു വാംഅപ്പ് മത്സരത്തിൽ പങ്കാളിയാകും. ടെസ്റ്റ് ജൂലൈ ഏഴിനും ഏകദിനങ്ങൾ ജൂലൈ 16, 18, 20 ടി20 മത്സരങ്ങൾ ജൂലൈ 23, 25, 27 തീയ്യതികളിലുമാണ് നടക്കുക. ടെസ്റ്റ് ബുലവായോയിലും പരിമിത ഓവർ മത്സരങ്ങൾ ഹരാരേയിലും നടക്കും.