പാക്കിസ്ഥാന്‍ ടീമിന്റെ കൂടപ്പിറപ്പുകളായ ബാറ്റിംഗ് തകര്‍ച്ച, പ്രത്യേകിച്ച് രണ്ടാം ഇന്നിംഗ്സുകളിലേതിനു കാരണം ടീമംഗങ്ങളുടെ മാനസിക സമ്മര്‍ദ്ദമാണെന്ന് തുറന്ന് പറഞ്ഞ് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ ശക്തമായ തുടക്കത്തിനു ശേഷം 90 റണ്‍സിനു 9 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ പാക്കിസ്ഥാന്‍ താരങ്ങളോട് കോച്ച് മിക്കി ആര്‍തര്‍ പറഞ്ഞത് നിങ്ങള്‍ ഒരു മണിക്കൂറില്‍ കളി കളഞ്ഞുവെന്നാണ്.
ടീമംഗങ്ങളെ തങ്ങളുടെ മോശം ഷോട്ട് സെലക്ഷനു നിശിതമായി വിമര്‍ശിച്ച മിക്കി ആര്‍തറും സര്‍ഫ്രാസും ശരിവയ്ക്കുന്നത് ഇതിന്റെ ഉത്തരവാദിത്വം എല്ലാ താരങ്ങള്‍ക്കുമാണെന്നാണ്. തങ്ങള്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി രണ്ടാം ഇന്നിംഗ്സുകള്‍ ഒരു കീറാമുട്ടിയായിട്ടുണ്ടെന്ന് പാക് നായകന്‍ തുറന്ന് സമ്മതിച്ചു.
തുടക്കങ്ങള്‍ ലഭിയ്ക്കുന്നുണ്ടെങ്കിലും ഒരു വിക്കറ്റ് വീണാല്‍ പിന്നെ തുടര്‍ച്ചയായ വിക്കറ്റ് വീഴ്ചയാണ് ടീമിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നതെന്നും സര്‍ഫ്രാസ് പറഞ്ഞു. 2016ല്‍ ഹാമിള്‍ട്ടണില്‍ 159/1 എന്ന നിലയില്‍ നിന്ന് 230 റണ്‍സിനു ഓള്‍ഔട്ട് ആയത് മുതല്‍ ഇത് സ്ഥിരം സംഭവമാണ്. താരങ്ങള്‍ക്കും കോച്ചിംഗ് സ്റ്റാഫിനും ഇതിനു പിന്നിലെ ഉത്തരവാദിത്വമുണ്ടെന്ന് സര്‍ഫ്രാസ് പറഞ്ഞു.