ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ സർഫറാസ് ഖാൻ ഇടം നേടി. ദീർഘകാലമായുള്ള സർഫറാാ ഖാന്റെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്. സർഫറാസിനൊപ്പം സൗരഭ് കുമാർ, വാഷിംഗ്ടൺ സുന്ദർ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തി. കെ എൽ രാഹുലും രവീന്ദ്ര ജഡേജയും പരിക്കിനെ തുടർന്ന് പുറത്തായി.
വലത് ക്വാഡ്രൈസ്‌പ്‌സ് വേദനയെ തുടർന്നാണ് ജഡേജയെ ഒഴിവാക്കിയത്. രാഹുലിന് ഹാംസ്ട്രിംഗ് ഇഞ്ച്വറിയാണ്. അടുത്തിടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന 4 ദിവസത്തെ അനൗദ്യോഗിക ടെസ്റ്റിൽ ഇംഗ്ലണ്ട് ലയൺസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് സർഫറാസിനെ ടീമിൽ എത്തിച്ചത്. ആ മത്സരത്തിൽ 160 പന്തിൽ 18 ഫോറും 5 സിക്സും സഹിതം 161 റൺസ് നേടിയ 26കാരൻ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയിരുന്നു.
സൗരബ് കുമാർ ആകട്ടെ അതേ മത്സരത്തിൽ രണ്ടാം ഇന്നിംഗ്‌സിൽ 5 വിക്കറ്റ് നേട്ടം ഉൾപ്പെടെ ആകെ ആറ് വിക്കറ്റ് നേടിയിരുന്നു. 68 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 15 നാല് വിക്കറ്റും 22 അഞ്ച് വിക്കറ്റും എട്ട് 10 വിക്കറ്റും നേടിയ സൗരഭ് ആകെ 290 വിക്കറ്റുകൾ നേടിയിട്ടുണ്ട്.