സഞ്ജു സാംസൺ അവഗണനയുടെ പര്യായമായി മാറുകയാണ്. ഇന്ന് ഇന്ത്യ ശ്രീലങ്കയ്ക്ക് എതിരായ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോഴും മലയാളി താരത്തിന് ഇടമില്ല. സെലക്ടർമാർ സഞ്ജുവിനെ പന്തുതട്ടുന്നത് പോലെ തട്ടുകയാണെന്ന് പറയാം. സഞ്ജു അവസാനമായി ഏകദിനം കളിച്ചപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സെഞ്ച്വറി നേടി കളിയിലെ താരമായി മാറിയിരുന്നു. അതിനു ശേഷം ഇന്ത്യ കളിക്കുന്ന അടുത്ത ഏകദിനമാണ് ശ്രീലങ്കയ്ക്ക് എതിരായത്. അതിൽ സഞ്ജുവിനെ പരിഗണിക്കാനെ ഇന്ത്യ കൂട്ടാക്കിയില്ല.
സഞ്ജു സാംസണ് ഇത് തുടർച്ചയാണ്. സിംബാബ്‌വെക്ക് എതിരെ ടി20യിൽ ഉണ്ടായിരുന്ന സഞ്ജു ശ്രീലങ്കയ്ക്ക് എതിരെയും ടി20 ടീമിൽ ഉണ്ട്. എന്നാൽ ചാമ്പ്യൻസ് ട്രോഫി മുന്നിൽ ഇരിക്കെ സഞ്ജുവിനെ ഏകദിനത്തിൽ നിന്ന് തഴയുന്നത് താരം അർഹിക്കുന്ന ഏകദിന ടീമിലെ സ്ഥാനം ഇല്ലാതാക്കുകയാണ്. നേരത്തെ നല്ല ഫോമിൽ ഇരിക്കെ ഏകദിന ലോകകപ്പിൽ നിന്ന് സഞ്ജുവിനെ തഴഞ്ഞിരുന്നു.
അന്ന് സഞ്ജുവിനെ ടി20 ടീമിന്റെ ഭാഗമായാണ് ഇന്ത്യ കാണുന്നത് എന്ന് സെലക്ഷൻ കമ്മിറ്റി പറഞ്ഞു. പിന്നീട് സഞ്ജുവിനെ ടി20 ലോകകപ്പിലും അവഗണിക്കാൻ ശ്രമങ്ങൾ നടന്നു. അന്ന് സഞ്ജുവിന്റെ മികച്ച ഐ പി എൽ ഫോം സഞ്ജുവിനെ അവഗണിക്കാൻ പറ്റാത്ത അവസ്ഥയിലാക്കി. അവസാനം ടി20 ലോകകപ്പ് ടീമിൽ സഞ്ജു എത്തി. എന്നാൽ സഞ്ജുവിന് ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാൻ ആയിരുന്നില്ല.
പുതിയ പരിശീലകൻ ഗംഭീർ വന്നിട്ടും സഞ്ജുവിനോടുള്ള അവഗണന തുടരുകയാണ്. സഞ്ജു ചാമ്പ്യൻസ് ട്രോഫിക്ക് ഉള്ള ഇന്ത്യൻ ടീമിൽ ഉണ്ടാകില്ല എന്നതിന്റെ ആദ്യ സൂചനകൾ ആണ് ഇത് എന്ന് വിലയിരുത്താം.