ബംഗ്ലാദേശിന്റെ മുഖ്യ കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ കോച്ച് റസ്സല്‍ ഡൊമിംഗോയെ നിയമിച്ചു. ഓഗസ്റ്റ് 21ന് റസ്സല്‍ ബംഗ്ലാദേശ് ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്ന വിവരം. രണ്ട് വര്‍ഷത്തെ കരാറിലാണ് ഡൊമിംഗോ ടീമിനൊപ്പം ചേരുന്നതെന്നാണ് അറിയുന്നത്. മിക്കി ആര്‍തര്‍, മൈക്ക് ഹെസ്സണ്‍ എന്നിവരെ പിന്തള്ളിയാണ് ഡൊമിംഗോ മുഖ്യ കോച്ച് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. ശ്രീലങ്കന്‍ പര്യടനത്തില്‍ ടീമിന്റെ താത്കാലിക കോച്ചായി സേവനം അനുഷ്ഠിച്ച ഖാലിദ് മഹമ്മൂദില്‍ നിന്നാണ് ഡൊമിംഗോ ചുമതലയേല്‍ക്കുക.
ലോകകപ്പിന് ശേഷം സ്റ്റീവ് റോഡ്സിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചതോടെയാണ് പുതിയ കോച്ചിന്റെ ആവശ്യകത ഉയര്‍ന്നത്. ബംഗ്ലാദേശ് ബാറ്റിംഗ് കോച്ച് നീല്‍ മക്കിന്‍സിയുടെ കരാര്‍ അടുത്തിടെ പുതുക്കിയിരുന്നു. മറ്റൊരു ദക്ഷിണാഫ്രിക്കക്കാരന്‍ ചാള്‍ ലാംഗവെല്‍ഡ്ടിനെ ടീമിന്റെ പേസ് ബൗളിംഗ് കോച്ചായും മുന്‍ ന്യൂസിലാണ്ട് സ്പിന്നര്‍ ഡാനിയേല്‍ വെട്ടോറിയെ സ്പിന്‍ കോച്ചായും ബോര്‍ഡ് നിയമിച്ചിട്ടുണ്ട്.
ഇതില്‍ മക്കിന്‍സിയും ലാംഗ്വെല്‍ഡ്ടും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡൊമിംഗോയ്ക്കൊപ്പം സഹകരിച്ചിരുന്നവരാണ്.