ഒരു ബംഗ്ലാദേശ് ടീമിനും സാധ്യമാകാത്ത കാര്യം ചെയ്യുവാനുള്ള അവസരമാണ് ഈ ടീമിന് വന്നെത്തിയിട്ടുള്ളത് – റസ്സല്‍ ഡൊമിംഗോ

Sports Correspondent

ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സല്‍ ഡൊമിംഗോയ്ക്ക് തന്റെ ടീമിന് ന്യൂസിലാണ്ടില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് വിശ്വസിക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഐതിഹാസികമായ വിജയം ന്യൂസിലാണ്ടില്‍ നേടുവാനുള്ള അവസരം തന്റെ ടീമിനുണ്ടെന്നാണ് റസ്സല്‍ ഡൊമിംഗോ പറയുന്നത്. ഏകദിന ഫോര്‍മാറ്റില്‍ ബംഗ്ലാദേശിന് 2015 ലോകകപ്പ് മുതല്‍ ചില മികച്ച നിമിഷങ്ങള്‍ സ്വന്തമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. 2015 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ ടീമിന് എന്നാല്‍ 2019 ലോകകപ്പില്‍ വലിയ നേട്ടം ഉണ്ടാക്കാനായില്ല.

ന്യൂസിലാണ്ടില്‍ ഒരു പരമ്പര വിജയം നേടുവാനായാല്‍ ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ വലിയ ആത്മവിശ്വാസം ടീമിന് നേടാനാകുമെന്ന് റസ്സല്‍ വ്യക്തമാക്കി. ന്യൂസിലാണ്ട് ഒരു പ്രയാസകരമായ പരമ്പരയാണെങ്കിലും ബംഗ്ലാദേശിന്റെ യുവ താരങ്ങള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമന്നാണ് തങ്ങളുടെ വിശ്വാസം എന്ന് റസ്സല്‍ ഡൊമിംഗോ സൂചിപ്പിച്ചു.

ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച ഫോര്‍മാറ്റ് ഏകദിന ഫോര്‍മാറ്റാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അതിനാല്‍ തന്നെ ന്യൂസിലാണ്ടില്‍ ടീമിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും റസ്സല്‍ വ്യക്തമാക്കി.