വിക്കറ്റ് നേടി ടെസ്റ്റ് കരിയറിന് അവസാനം കുറിച്ച് റോസ് ടെയിലര്‍

തന്റെ അവസാന ടെസ്റ്റ് മത്സരം കളിച്ച റോസ് ടെയിലറിന് വിക്കറ്റോട് കൂടി മടക്കം. ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ അവസാന വിക്കറ്റ് നേടിയത് റോസ് ടെയിലര്‍ ആയിരുന്നു. 9 വിക്കറ്റ് നഷ്ടമായ ഘട്ടത്തിൽ അന്തരീക്ഷം ഇരുണ്ടതിനാൽ അമ്പയര്‍മാര്‍ പേസര്‍മാരെ ബൗളിംഗിൽ നിന്ന് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ടോം ലാഥം പന്ത് നല്‍കിയത് റോസ് ടെയിലര്‍ക്കായിരുന്നു.

4 റൺസ് നേടിയ എബാദത്ത് ഹൊസൈന്റെ വിക്കറ്റ് നേടി റോസ് ടെയിലര്‍ തന്റെ കരിയറിന് വിക്കറ്റ് നേട്ടത്തോടെ അവസാനം കുറിയ്ക്കുകയായിരുന്നു. ഇതിന് മുമ്പ് 2013 ഒക്ടോബറിലാണ് ടെസ്റ്റ് ക്രിക്കറ്റിൽ റോസ് ടെയിലര്‍ പന്ത് എറിഞ്ഞത്.

ടെസ്റ്റിൽ തന്റെ മൂന്നാമത്തെ വിക്കറ്റാണ് റോസ് ടെയിലര്‍ നേടിയത്.