232 റണ്‍സ് ജയവുമായി ഇംഗ്ലണ്ടിനു ആശ്വാസത്തോടെ മടക്കം, ശതകവുമായി പുറത്താകാതെ ചേസ്

Sports Correspondent

പരമ്പര നേരത്തെ തന്നെ കൈവിട്ടിരിന്നുവെങ്കിലും മൂന്നാം ടെസ്റ്റില്‍ ആശ്വാസ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. സെയിന്റ് ലൂസിയയില്‍ ഇംഗ്ലണ്ട് 232 റണ്‍സിന്റെ മികച്ച വിജയമാണ് സ്വന്തമാക്കിയത്. മാര്‍ക്ക് വുഡിന്റെ ഒന്നാം ഇന്നിംഗ്സ് മികവിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് ഈ ജയം പിടിച്ചെടുത്തത്. രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിനെ 252 റണ്‍സിനു പുറത്താക്കിയ ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ് ആന്‍ഡേഴ്സണും മോയിന്‍ അലിയും മൂന്ന് വീതം വിക്കറ്റും ബെന്‍ സ്റ്റോക്സ് രണ്ടും വിക്കറ്റ് നേടി.

റോഷ്ടണ്‍ ചേസ് ഒരറ്റത്ത് പൊരുതി നിന്നുവെങ്കിലും വിന്‍ഡീസ് ടോപ് ഓര്‍ഡര്‍ കൈവിട്ടത്താണ് മത്സരത്തില്‍ വിന്‍ഡീസ് പൊരുതാതെ കീഴടങ്ങുവാന്‍ കാരണം. വാലറ്റത്തില്‍ കെമര്‍ റോച്ചും(29), അല്‍സാരി ജോസഫും(34) ചേസിനൊപ്പം ഉയര്‍ത്തിയ പ്രതിരോധമാണ് ആതിഥേയരെ 252 റണ്‍സിലേക്ക് നയിച്ചത്. 102 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു റോഷ്ടണ്‍ ചേസ്. നേരത്തെ വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 154 റണ്‍സില്‍ അവസാനിച്ചിരുന്നു.

ജോ റൂട്ട്(122), ജോസ് ബട്‍ലര്‍(56), ജോ ഡെന്‍ലി(69), ബെന്‍ സ്റ്റോക്സ്(48*) എന്നിവരുടെ മികവിലാണ് രണ്ടാം ഇന്നിംഗ്സില്‍ 361/5 എന്ന നിലയില്‍ ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്തത്. ഒന്നാം ഇന്നിംഗ്സില്‍ 277 റണ്‍സാണ് ടീമിനു നേടാനായത്.