ആരാധകർക്ക് നന്ദി പറഞ്ഞ് രോഹിത് ശർമ്മ

Staff Reporter

ഖേൽ രത്ന പുരസ്‍കാരം നേടിയതിന് പിന്നാലെ ആരാധകർക്ക് തന്റെ നന്ദി അറിയിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ആരാധകർ തന്റെ കൂടെ ഇല്ലായിരുന്നെങ്കിൽ ഇത് സാധ്യമാവില്ലായിരുന്നെന്നും രോഹിത് ശർമ്മ പറഞ്ഞു. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന് ഒപ്പം അബുദാബിയിലാണ് രോഹിത് ശർമ്മ.

ഇത്രയും വലിയൊരു കായിക ബഹുമതി നേടാനായതിൽ അതിയായ സന്തോഷം ഉണ്ടെന്നും അതിന് താൻ എല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്നും രോഹിത് ശർമ്മ ട്വിറ്ററിൽ കുറിച്ചു. ആരാധകരുടെ പിന്തുണയില്ലാതെ ഇത് ഒരിക്കലും സാധ്യമാവില്ലായിരുന്നെന്നും തന്നെ തുടർന്നും പിന്തുണക്കണമെന്നും തുടർന്നും ഇന്ത്യക്ക് ഒരുപാടു ബഹുമതികൾ താൻ നേടികൊടുക്കുമെന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

സച്ചിൻ ടെണ്ടുൽക്കറിനും മഹേന്ദ്ര സിംഗ് ധോണിക്കും വിരാട് കോഹ്‌ലിക്കും ശേഷം ഈ അവാർഡ് സ്വന്തമാക്കുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ് രോഹിത് ശർമ്മ.