ഡിസിഷൻ റിവ്യൂ സിസ്റ്റത്തിൽ (ഡിആർഎസ്) കഴിഞ്ഞ ടെസ്റ്റിൽ ഇന്ത്യൻ ടീം ഒരുപാട് പിഴവുകൾ നടത്തി എന്ന് സമ്മതിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. ഇൻഡോറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ തന്നെ ഇന്ത്യ അവരുടെ എല്ലാ ഡിആർഎസ് റിവ്യൂയും ഉപയോഗിച്ചു കളഞ്ഞിരുന്നു. ടീം ശരിയായ തീരുമാനം എടുത്തില്ലെന്ന് ശർമ്മ സമ്മതിച്ചു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ അപ്പീലുകൾ ആയിരുന്നു അതിൽ ഭൂരിഭാഗം.
“ജഡേജ കരുതുന്നത് ഓരോ പന്തും വിക്കറ്റ് ആണെന്നാണ്,” രോഹിത് പത്ര സമ്മേളനത്തിൽ പറഞ്ഞു “താരങ്ങൾ ഇങ്ങനെ വെറുതെ ആവേശം കാണിക്കുമ്പോൾ ആണ് എന്റെ റോൾ വരുന്നത്, ഇവരോട് അൽപ്പം സമാധാനപ്പെടാൻ പറയണം, സ്റ്റമ്പിനടുത്തെവിടെയെങ്കിലും അവസാനിച്ചാൽ കുഴപ്പമില്ല, പക്ഷേ റിവ്യൂകൾ സ്റ്റമ്പിൽ പോലും തട്ടുന്നില്ല.” രോഹിത് പറഞ്ഞു
ടീം അവരുടെ തെറ്റുകളിൽ നിന്ന് പഠിക്കുമെന്നും ഭാവിയിൽ എങ്ങനെ മികച്ച ഡിആർഎസ് കോളുകൾ വിളിക്കാം എന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തും എന്നും രോഹിത് പറഞ്ഞു.