പ്രതിരോധം ശക്തിപെടുത്തിയാൽ രോഹിത് ശർമ്മക്ക് ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപണർ സുനിൽ ഗാവസ്‌കർ. വെസ്റ്റിൻഡീസ് പരമ്പരയിൽ ഇന്ത്യയുടെ ഓപ്പണറായിരുന്ന കെ.എൽ രാഹുലിന് തിളങ്ങാനാവാതെ പോയതോടെ താരത്തെ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതോടെ രോഹിത് ശർമ്മ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ ഓപ്പണറാവുമെന്നാണ് കരുതപ്പെടുന്നത്.
പ്രതിരോധം മെച്ചപ്പെടുത്തിയാൽ മാത്രമേ രോഹിത് ശർമ്മക്ക് ടെസ്റ്റിൽ തിളങ്ങാൻ കഴിയുമെന്ന് പറഞ്ഞ ഗാവസ്‌കർ മുൻ ഇന്ത്യൻ ഓപണർ വിരേന്ദർ സെവാഗിനെക്കാൾ മികച്ച ഷോട്ടുകൾ രോഹിത് ശർമ്മയുടെ കയ്യിൽ ഉണ്ടെന്നും പറഞ്ഞു. വിരേന്ദർ സെവാഗിനെക്കാൾ മികച്ച അറ്റാക്കിങ് ഷോട്ടുകൾ കളിക്കാനുള്ള കഴിവ് രോഹിത് ശർമ്മക്ക് ഉണ്ടെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു.
ടെസ്റ്റിൽ മധ്യ നിരയിൽ ഹനുമ വിഹാരി മികച്ച പ്രകടനം പുറത്തെടുത്തതോടെ രോഹിത് ശർമ്മക്ക് മധ്യ നിരയിൽ അവസരങ്ങൾ ലഭിക്കുമെന്ന് കരുതുന്നില്ലെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു. അതെ സമയം സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റുകളും മികച്ച ഇന്നിങ്‌സുകൾ കളിക്കാനായാൽ അടുത്ത 2-3 വർഷം രോഹിത് ശർമ്മക്ക് ഇന്ത്യയുടെ ഓപ്പണറായി തുടരാമെന്നും ഗാവസ്‌കർ പറഞ്ഞു.