രോഹിത്തിന്റെ മിന്നും തുടക്കത്തിന് ശേഷം ഇന്ത്യയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 7 പന്ത് ബാക്കി നിൽക്കെ 6 വിക്കറ്റ് വിജയം നേടി ഇന്ത്യ. രോഹിത് ശര്‍മ്മ(40), സൂര്യകുമാർ യാദവ്(34*), ഇഷാന്‍ കിഷന്‍(35), വെങ്കിടേഷ് അയ്യര്‍(24*) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്.
ടോപ് ഓര്‍ഡറിൽ രോഹിത് കസറിയപ്പോള്‍ കരുതലോടെയാണ് ഇഷാന്‍ കിഷന്‍ ബാറ്റ് വീശിയത്. ഇരുവരും ചേര്‍ന്ന് 64 റൺസാണ് ആദ്യ വിക്കറ്റിൽ നേടിയത്. 19 പന്തിൽ 40 റൺസ് നേടി പുറത്തായ രോഹിത് 4 ഫോറും 3 സിക്സും തന്റെ ഇന്നിംഗ്സിൽ നേടി.
വിരാടും ഇഷാനും ചേര്‍ന്ന് 29 റൺസ് കൂടി രണ്ടാം വിക്കറ്റിൽ നേടിയെങ്കിലും 93/1 എന്ന നിലയിൽ നിന്ന് 2 റൺസ് കൂടി നേടുന്നതിനിടെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി.
എന്നാൽ ഇഷാന്‍ കിഷനെയും വിരാട് കോഹ്‍ലിയെയും ഇന്ത്യയ്ക്ക് അടുത്തടുത്ത് നഷ്ടമായത് ടീമിന് തിരിച്ചടിയായി. കിഷന്‍ 35 റൺസും വിരാട് കോഹ്‍ലി 17 റൺസും നേടിയാണ് പുറത്തായത്.
ഋഷഭ് പന്തും വേഗം മടങ്ങിയതോടെ ഇന്ത്യ 115/4 എന്ന നിലയിലേക്ക് വീണു. പിന്നീട് സൂര്യകുമാർ യാദവ് ആണ് ഇന്ത്യന്‍ വിജയം ഉറപ്പാക്കിയത്. താരത്തിന് വെങ്കിടേഷ് അയ്യര്‍ പിന്തുണ നൽകി. 18 പന്തിൽ സൂര്യകുമാര്‍ യാദവ് 34 റൺസ് നേടിയപ്പോള്‍ വെങ്കിടേഷ് അയ്യര്‍ സിക്സര്‍ പറത്തി ഇന്ത്യയുടെ വിജയം ഉറപ്പാക്കി. ഇരുവരും തമ്മിലുള്ള അപരാജിത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 26 പന്തിൽ 48 റൺസാണ് നേടിയത്. വെങ്കിടേഷ് അയ്യര്‍ 13 പന്തിൽ 24 റൺസ് നേടി.