ഐ.സി.സിയുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ആദ്യ പത്തിലേക്ക് എത്തി ഇന്ത്യൻ ഓപണർ രോഹിത് ശർമ്മ. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് രോഹിത് ശർമയെ ആദ്യ പത്തിൽ എത്തിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെ രോഹിത് ശർമ്മ മൂന്ന് ടെസ്റ്റിൽ നിന്ന് 529 റൺസ് നേടിയിരുന്നു. ഇതിൽ രണ്ട് സെഞ്ചുറിയും ഒരു ഡബിൾ സെഞ്ചുറിയും ഉൾപ്പെട്ടിരുന്നു.
ടെസ്റ്റ് റാങ്കിങ്ങിൽ പത്താം സ്ഥാനത്ത് എത്തിയതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഐ.സി.സി റാങ്കിങ്ങിൽ ആദ്യ പത്തിൽ വരുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി മാറി. വിരാട് കോഹ്‌ലിയാണ് ഇതിന് മുൻപ് ആദ്യ പത്തിൽ എത്തിയ ഇന്ത്യൻ താരം. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്തും ചേതേശ്വർ പൂജാര നാലാം സ്ഥാനത്തും റാഞ്ചി ടെസ്റ്റിൽ സെഞ്ചുറി നേടിയ അജിങ്കെ രഹാനെ അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്.
ബൗളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പരിക്ക് മൂലം ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ താരം കളിച്ചിരുന്നില്ല. ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ ജഡേജ രണ്ടാം സ്ഥാനത്താണ്.