വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തിൽ 6 വിക്കറ്റ് വിജയവുമായി ഇന്ത്യ. 43.5 ഓവറിൽ 176 റൺസിന് വെസ്റ്റിന്‍ഡീസിനെ ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 28 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഒരു ഘട്ടത്തിൽ 84/0 എന്ന നിലയിലായിരുന്ന ഇന്ത്യ 116/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. 84 റൺസാണ് ഇഷാനും രോഹിത്തും ചേര്‍ന്ന് നേടിയത്. ഇഷാന്‍ വളരെ കരുതലോടെ ബാറ്റ് വീശിയപ്പോള്‍ രോഹിത് ശര്‍മ്മ അനായാസമാണ് ബാറ്റ് വീശിയത്.
60 റൺസ് നേടിയ രോഹിത് ശര്‍മ്മയെയും വിരാട് കോഹ്‍ലിയെയും ഒരേ ഓവറിൽ അല്‍സാരി ജോസഫ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരങ്ങള്‍ ഏല്പിക്കുകയായിരുന്നു. 28 റൺസാണ് ഇഷാന്‍ കിഷന്‍ നേടിയത്. പിന്നീട് 5ാം വിക്കറ്റിൽ സൂര്യകുമാര്‍ യാദവും ദീപക് ഹൂഡയും ചേര്‍ന്ന് 62 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സൂര്യകുമാര്‍ 34 റൺസും അരങ്ങേറ്റക്കാരന്‍ ദീപക് ഹൂഡ 26 റൺസും നേടി പുറത്താകാതെ നിന്നാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്.