ആദ്യ ടെസ്റ്റിൽ നിന്ന് റിഷഭ് പന്ത് പുറത്ത്, സാഹ വിക്കറ്റ് കീപ്പറാവും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് പുറത്ത്. റിഷഭ് പന്തിന് പകരം വെറ്ററൻ താരം വൃദ്ധിമാൻ സാഹ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറാവും. 22 മാസങ്ങൾക്ക് ശേഷമാണ് വൃദ്ധിമാൻ സാഹ ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്. അടുത്തിടെ നടന്ന മത്സരങ്ങളിൽ 21കാരനായ റിഷഭ് പന്ത് ഫോം കണ്ടെത്താൻ വിഷമിച്ചിരുന്നു. ഇതാണ് താരത്തിന് ടീമിൽ അവസരം ലഭിക്കാതെ പോയത്. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ വെറും 58 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.

വൃദ്ധിമാൻ സാഹക്ക് പരിക്കേറ്റതോടെയാണ് നേരത്തെ റിഷഭ് പന്തിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്. തുടർന്ന് ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും നടന്ന പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത പന്ത്‌ ധോണിയുടെ പകരക്കാരനായി വാഴ്ത്തപ്പെടുകയും ചെയ്തിരുന്നു. എന്നാൽ തുടർന്ന് നടന്ന പരമ്പരകളിൽ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.

റിഷഭ് പന്തിനേക്കാൾ വിക്കറ്റ് കീപ്പിങ്ങിലെ മികച്ച പ്രകടനവും വൃദ്ധിമാൻ സാഹക്ക് തുണയാവുകയായിരുന്നു. കൂടാതെ അടുത്തിടെ വെസ്റ്റിൻഡീസ് എ ടീമിനെതിരെയും സൗത്ത് ആഫ്രിക്ക എ ടീമിനെതിരെയും അർദ്ധ സെഞ്ചുറികൾ നേടാനും വൃദ്ധിമാൻ സാഹക്കായി. വൃദ്ധിമാൻ സാഹയെ കൂടാതെ കഴിഞ്ഞ ഡിസംബർ മുതൽ ടീമിന് പുറത്തിരിക്കുന്ന അശ്വിനും ടീമിൽ ഇടം നേടുമെന്ന് കോഹ്‌ലി വ്യക്തമാക്കിയിട്ടുണ്ട്.