ഇന്ത്യയുടെ 21കാരനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്ത് ഐസിസിയുടെ ഈ വർഷത്തെ എമേർജിങ് പ്ലേയർ അവാർഡിന് അർഹനായി. കഴിഞ്ഞ വര്ഷം ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം കുറിച്ച പന്ത് സെപ്റ്റംബറിൽ ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടിൽ വെച്ചും സിഡ്‌നിയിൽ വെച്ച് ഓസ്ട്രേലിയയ്ക്കെതിരെയും ടെസ്റ്റ് സെഞ്ച്വറികൾ നേടി വാർത്തകളിൽ നിറഞ്ഞിരുന്നു.
ഇംഗ്ലണ്ടിൽ വെച്ച് സെഞ്ച്വറി നേടിയതോടെ ഇംഗ്ലണ്ടിൽ വെച്ച് സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറായി മാറിയിരുന്നു പന്ത്. ഓസ്‌ട്രേലിയക്കെതിരെ നേടിയ 159 റൺസ് വിദേശ രാജ്യങ്ങളിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന സ്കോറും ആയിരുന്നു. ധോണിയുടെ 148 റൺസ് ആയിരുന്നു ഇതിനു മുൻപുള്ള ഉയർന്ന സ്‌കോർ.
ബാറ്റ് കൊണ്ട് മാത്രമല്ല, വിക്കറ്റിന് പിറകിലും മികച്ച പ്രകടനമായിരുന്നു പന്ത് കാഴ്ചവെച്ചത്. അഡ്ലൈഡിൽ വെച്ച് 11 പേരെ ക്യാച്ചിലൂടെ പുറത്താക്കിയ പന്ത് ഏറ്റവും കൂടുതൽ പേരെ ക്യാച് ചെയ്തു പുറത്താക്കുന്ന റെക്കോർഡിനും ഒപ്പമെത്തി.