ലോക ക്രിക്കറ്റിലെ കീപ്പിംഗ് ഇതിഹാസങ്ങളായ എംഎസ് ധോണിയെയും ആഡം ഗില്‍ക്രിസ്റ്റിനെയും ബഹുദൂരം പിന്നിലാക്കി ഋഷഭ് പന്ത് മുന്നേറുമെന്ന് അറിയിച്ച് മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹക്ക്. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരം ഋഷഭ് പന്ത് മുന്നേറുന്നത്.
ഇന്ത്യയുടെ ഓസ്ട്രേലിയന്‍ ടൂര്‍ മുതല്‍ തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് ഋഷഭ് പന്ത് അടിച്ച് തകര്‍ക്കുന്നത്. ടെസ്റ്റിലും ടി20യിലും ഏകദിനത്തിലും ഒരേ പോലെ പ്രഭാവമുണ്ടാക്കിയാണ് പന്ത് മുന്നേറുന്നത്. ക്രിക്കറ്റിലെ വിക്കറ്റ് കീപ്പര്‍ ഇതിഹാസങ്ങളായ ആഡം ഗില്‍ക്രിസ്റ്റ്, എംഎസ് ധോണി എന്നിവരെ പിന്തള്ളി ഋഷഭ് പന്ത് മുന്നേറുമെന്നാണ് ഇന്‍സമാം തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടത്.
രണ്ടാം ഏകദിനത്തില്‍ കെഎല്‍ രാഹുലിന്റെ ശതകത്തിനെക്കാളും പ്രഭാവം ഉണ്ടാക്കിയത് 40 പന്തില്‍ നിന്ന് 77 റണ്‍സ് നേടിയി ഋഷഭ് പന്തിന്റെ ഇന്നിംഗ്സ് ആണെന്നും ഇന്‍സമാം വ്യക്തമാക്കി. പല പൊസിഷനുകളിലും താരം അനായാസമാണ് ബാറ്റ് വീശുന്നതെന്നും ധോണിയുടെയും ഗില്‍ക്രിസ്റ്റിന്റെയും പല റെക്കോര്‍ഡുകള്‍ പന്ത് പഴംങ്കഥയാക്കുമെന്നും ഇന്‍സമാം വ്യക്തമാക്കി.
പന്ത് പുറത്തെടുക്കുന്ന സ്ട്രോക്കുകളുടെ ശ്രേണി കഴിഞ്ഞ 30-35 വര്‍ഷത്തില്‍ താന്‍ രണ്ട് താരങ്ങളില്‍ മാത്രമാണ് കണ്ടതെന്നും അത് എംഎസ് ധോണിയും ആഡം ഗില്‍ക്രിസ്റ്റിലുമാണെന്ന് ഇന്‍സമാം പറഞ്ഞു. ഈ രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ക്ക് മത്സരം മാറ്റി മറിയ്ക്കുവാനുള്ള ശേഷിയുണ്ടായിരുന്നു പന്തിനും സമാനമായ കഴിവുണ്ടെന്ന് ഇന്‍സമാം സൂചിപ്പിച്ചു.