ഡൽഹിക്ക് എതിരായ പരാജയത്തിൽ ഭാഗ്യം ഞങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്നില്ല എന്ന് എൽ എസ് ജി ക്യാപ്റ്റൻ റിഷഭ് പന്ത്. ത്രില്ലറിൽ ഡൽഹി ക്യാപിറ്റൽസ് 210 റൺസ് ചെയ്സ് ചെയ്താണ് ഇന്ന് ജയിച്ചത്. ഡൽഹി മൂന്ന് പന്തുകളും ഒരു വിക്കറ്റും ബാക്കി നിൽക്കെയാണ് വിജയലക്ഷ്യം പിന്തുടർന്നത്.

“ഞങ്ങളുടെ ടോപ് ഓർഡർ ബാറ്റ്‌സ്മാൻമാർ വളരെ നന്നായി കളിച്ചു, ഈ വിക്കറ്റിൽ ഇത് വളരെ നല്ല സ്‌കോറാണെന്ന് ഞാൻ കരുതുന്നു,” മത്സരശേഷം പന്ത് പറഞ്ഞു. “ഒരു ടീം എന്ന നിലയിൽ, ഓരോ മത്സരത്തിൽ നിന്നും പോസിറ്റീവുകൾ എടുക്കാനും അതിൽ നിന്ന് പഠിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.” അദ്ദേഹം പറഞ്ഞു.
“ഞങ്ങൾക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ ലഭിച്ചു, പക്ഷേ അത് ബാറ്റ് ചെയ്യാൻ നല്ല വിക്കറ്റാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അവർക്ക് രണ്ട് നല്ല കൂട്ടുകെട്ടുകൾ ഉണ്ടായി. അത് കളി ഞങ്ങളിൽ നിന്ന് എടുത്തുകളഞ്ഞു,” പന്ത് സമ്മതിച്ചു.
അവസാന ഓവറിൽ മോഹിത് ശർമ്മയുടെ പന്തിൽ സ്റ്റമ്പിംഗ് നഷ്ടപ്പെടുത്തിയ നിർണായക നിമിഷത്തെക്കുറിച്ചും പന്ത് സംസാരിച്ചു. “തീർച്ചയായും, ഈ കളിയിൽ ഭാഗ്യത്തിന് ഒരു പങ്കുണ്ട്, അത് അദ്ദേഹത്തിന്റെ (മോഹിത് ശർമ്മയുടെ) പാഡുകൾക്ക് കൊണ്ടില്ലായിരുന്നു എങ്കിൽ, അത് സ്റ്റമ്പിംഗിനുള്ള ഒരു അവസരമായിരുന്നു. എന്നാൽ ക്രിക്കറ്റിൽ ഇവ സംഭവിക്കുന്നു; നിങ്ങൾക്ക് ഇവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല, പകരം മികച്ച ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്.”