2026-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയതിൽ താൻ ഏറെ സന്തുഷ്ടനാണെന്ന് റിങ്കു സിംഗ് വെളിപ്പെടുത്തി. അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ തന്നെ ഉൾപ്പെടുത്താതിരുന്നത് ടീം കോമ്പിനേഷൻ കാരണമാണെന്നും, ലോകകപ്പ് ടീമിൽ ഇടം ലഭിക്കുന്നത് വിധിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദിനെതിരെ 48 പന്തിൽ 67 റൺസും വിദർഭയ്‌ക്കെതിരെ 30 പന്തിൽ പുറത്താകാതെ 57 റൺസും നേടി മികച്ച ഫോമിലായിരുന്നു അദ്ദേഹം. ഉത്തർപ്രദേശ് നായകനായി ടീമിനെ നയിക്കുന്ന റിങ്കു, ആഭ്യന്തര ക്രിക്കറ്റിലെ ഈ പ്രകടനം ലോകകപ്പിൽ തനിക്ക് വലിയ ആത്മവിശ്വാസം നൽകുമെന്ന് വിശ്വസിക്കുന്നു.
താൻ വെറുമൊരു ഫിനിഷർ മാത്രമല്ലെന്ന് റിങ്കു സിംഗ് പറഞ്ഞു. ബാറ്റിംഗ് ഓർഡറിൽ താഴെ ഇറങ്ങുന്നതുകൊണ്ടാണ് എല്ലാവരും തന്നെ ഒരു ഫിനിഷറായി കാണുന്നത്. എന്നാൽ ഏത് പൊസിഷനിലും തനിക്ക് ബാറ്റ് ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യയ്ക്കായും താൻ പവർപ്ലേയിൽ ബാറ്റ് ചെയ്തിട്ടുണ്ടെന്നും തന്റെ മൂന്ന് അന്താരാഷ്ട്ര ടി20 അർധസെഞ്ചുറികളും പവർപ്ലേ ഓവറുകളിൽ ബാറ്റ് ചെയ്തപ്പോൾ ലഭിച്ചതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. റെഡ് ബോൾ ക്രിക്കറ്റിലും തിളങ്ങാൻ ആഗ്രഹിക്കുന്ന തനിക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നത് വലിയൊരു സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു.









