കോവിഡ് കാലത്ത് ബോര്‍ഡിന് കടം വാങ്ങേണ്ടി വന്നു – റിക്കി സ്കെറിറ്റ്

കോവിഡ് കാലത്ത് വെസ്റ്റിന്‍ഡീസ് ബോര്‍ഡ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയതെന്ന് പറഞ്ഞ് ബോര്‍ഡ് പ്രസിഡന്റ് റിക്കി സ്കെറിറ്റ്. താന്‍ ചുമതലയേറ്റ് രണ്ട് വര്‍ഷത്തില്‍ ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പോയതെന്നും കൊറോണയുടെ സമയത്ത് താരങ്ങള്‍ക്കുള്ള വേതനത്തിനും സ്റ്റാഫുകളുടെ ശമ്പളത്തിനുമായി ബോര്‍ഡിന് കടം വാങ്ങേണ്ട സാഹര്യം ഉണ്ടെന്നും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പ്രസിഡന്റ് പറഞ്ഞു.

ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയോടു കൂടിയാണ് കോവിഡ് കാലത്തെ ക്രിക്കറ്റ് പുനരാരംഭിച്ചത്. അതേ സമയം തന്റെ ഈ ഭരണക്കാലത്ത് ബോര്‍ഡിന്റെ കടം മൂന്നിലൊന്ന് ഭാഗം കുറയ്ക്കുവാന്‍ സാധിച്ചുവെന്നും ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാന്‍ സാധിച്ചുവെന്നും റിക്കി പറഞ്ഞു.

ബോര്‍ഡിലെ അംഗങ്ങളെല്ലാം ഈ കാലഘട്ടത്തില്‍ 50 ശതമാനം വേതനം കുറവ് വരുത്തുവാന്‍ സമ്മതിച്ചുവെന്നും ഈ മഹാമാരിയുടെ കാലം കഴിഞ്ഞാല്‍ ബോര്‍ഡിന് പഴയ പ്രതാപത്തിലേക്ക് ഉയരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെസ്റ്റിന്‍ഡീസ് ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.