ഫിറോസ് ഷാ കോട്‍ലയിലെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തോല്‍വിയില്‍ ഉപയോഗിച്ച പിച്ച് ഇവിടെ കളിച്ചതില്‍ ഏറ്റവും മോശം പിച്ചെന്ന് അഭിപ്രായപ്പെട്ട് ടീം കോച്ച് റിക്കി പോണ്ടിംഗ്. മത്സരത്തിനു മുമ്പ് ഗ്രൗണ്ട്സ്മാനോട് സംസാരിച്ചപ്പോള്‍ മൂന്ന് വിക്കറ്റുകളില്‍ ഏറ്റവും മികച്ച പിച്ചാണിതെന്നാണ് അഭിപ്രായം വന്നത്, എന്നാല്‍ ഇത് ഏറ്റവും മോശം പിച്ചായി മാറുകയായിരുന്നുവെന്ന് റിക്കി പോണ്ടിംഗ് വ്യക്തമാക്കി.
തീരെ ബൗണ്‍സില്ലാത്ത് വളരെ മെല്ലെയുള്ളൊരു പിച്ചായിരുന്നു ഇന്നലത്തെ മത്സരത്തിലേത്. ഈ വിക്കറ്റ് ഞങ്ങളെ പലരെയും ആശ്ചര്യപ്പെടുത്തിയെന്നും റിക്കി പോണ്ടിംഗ് വ്യക്തമാക്കി. ഇത്തരം പിച്ചുകളില്‍ ടീമിനു തോല്‍വിയായിരുന്നു മുമ്പും ഫലമെന്നതും ഏറെ രസകരമായ വസ്തുതയാണ്. ചെപ്പോക്കിലും ടീം പരാജയം ഏറ്റുവാങ്ങിയത് സമാനമായ പിച്ചിലായിരുന്നു. ഇപ്പോള്‍ സണ്‍റൈസേഴ്സ് സ്പിന്നര്‍മാര്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി.
കാര്യമിതാണെങ്കിലും രണ്ട് ടീമുകള്‍ക്കും ഒരേ പിച്ചാണെന്നും പിച്ചിനെ പഴിക്കുന്നതില്‍ മാത്രം കാര്യമില്ലെന്നും എന്നാല്‍ സണ്‍റൈസേഴ്സിനെ ഇത്തരം പിച്ചില്‍ നേരിടുന്നത് താന്‍ ആഗ്രഹിച്ചിരുന്ന കാര്യമല്ലെന്നും റിക്കി പോണ്ടിംഗ് വ്യക്തമാക്കി. സണ്‍റൈസേഴ്സിനു മികച്ച സ്പിന്നര്‍മാരുണ്ട്. അവരുടെ സീമര്‍മാര്‍ സ്ലോ ബോളുകള്‍ എറിയുവാന്‍ കഴിവുള്ളവരും, ഈ പിച്ച് അവര്‍ക്ക് ആനുകൂല്യം നല്‍കുന്ന ഒന്നായിരുന്നുവെന്നും പോണ്ടിംഗ് സൂചിപ്പിച്ചു.