ധോണിയോട് ലോകകപ്പ് കഴിഞ്ഞുടനെ വിരമിക്കല്‍ പ്രഖ്യാപിക്കരുതെന്ന് കോഹ്‍ലി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

Sports Correspondent

ലോകകപ്പ് കഴിഞ്ഞ് എംഎസ് ധോണി ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്നാണ് കരുതപ്പെട്ടതെങ്കിലും താരം ആ അഭ്യൂഹങ്ങള്‍ക്കെല്ലാം അവധികൊടുത്ത് രണ്ട് മാസം ക്രിക്കറ്റില്‍ നിന്ന് തന്നെ ലീവ് എടുത്ത് ടെറിട്ടോറിയല്‍ ആര്‍മിയ്ക്കൊപ്പം സേവനം അനുഷ്ഠിക്കാനായി വിട വാങ്ങുകയായിരുന്നു. എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തോട് ലോകകപ്പിന് ശേഷം ഉടനടി റിട്ടയര്‍മെന്റ് വേണ്ടെന്ന് ആവശ്യപ്പെട്ടത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയാണെന്ന വിവരമാണ് ലഭിയ്ക്കുന്നത്.

ഋഷഭ് പന്തിനെ വളര്‍ത്തിയെടുക്കേണ്ടതിനാല്‍ അത് ധോണി ഒപ്പം നിന്ന് താരത്തിന് ഗുണകരമാം വിധം ചെയ്യേണ്ട കാര്യമാണെന്ന് ടീം മാനേജ്മെന്റും ഒരു ആവശ്യമായി ധോണിയെ അറിയിച്ചിരുന്നു. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കുന്നു എന്നതിനാല്‍ തന്നെ ധോണിയുടെ സഹായം പന്തിനും ഏറെ ഗുണകരമായി മാറുമെന്നാണ് കരുതപ്പെടുന്നത്. വിരാട് കോഹ്‍ലി പറയുന്നത് ധോണിയുടെ ഫിറ്റ്നെസ്സ് മുമ്പത്തെ പോലെ തന്നെയാണെന്നും താരത്തിന് ടി20 ലോകകപ്പ് വരെയും കളിക്കാനാകുമെന്നത് തന്നെയാണ്.