രാജസ്ഥാനിലെ ക്രിക്കറ്റിനു തിരിച്ചടിയായി രജിസ്ട്രാര്‍ ഓഫ് സൊസൈറ്റീസ് തീരൂമാനം. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസ്സിയേഷന്റെ സിപി ജോഷി നേതൃത്വം നല്‍കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെ പിരിച്ചു വിടുവാന്‍ തീരുമാനിച്ചതോടെയാണ് ഈ സംസ്ഥാനത്ത് പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. രാജസ്ഥാന്‍ സ്റ്റേറ്റ് സ്പോര്‍ട്സ് ആക്ട് പ്രകാരം രജിസ്ട്രാര്‍ക്ക് എന്തെങ്കിലും തെറ്റുക്കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ ഏത് എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്കെതിരെയും നടപടിയെടുക്കാമെന്ന് വ്യവസ്ഥയുണ്ട്.
ആര്‍സിഎ സെക്രട്ടറി രാജേന്ദ്ര സിംഗ് നന്ദു, ട്രഷറര്‍ പിങ്കേഷ് പോര്‍വാല്‍ എന്നിവരുടെ പരാതിയിന്മേലാണ് രജിസ്ട്രാര്‍ ഓഫ് സൊസൈറ്റീസിന്റെ നടപടി. ഇരുവരും ലളിത് മോഡി ഘടകത്തിനു ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്. ഇവര്‍ക്കൊപ്പം 14 ജില്ല അസോസ്സിയേഷനിലെ പ്രതിനിധികളും പരാതി നല്‍കിയിരുന്നുവെന്നാണ് അറിയുന്നത്.
ഇതിനെതിരെ തിങ്കളാഴ്ച തന്നെ സിപി ജോഷിയും സംഘവും രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും രജിസ്ട്രാറുടെ നടപടിയ്ക്കായി കാത്തിരിക്കുവാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. അതിനു ശേഷം മാത്രം സംഭവത്തിന്മേല്‍ കൂടുതല്‍ വാദങ്ങള്‍ കേള്‍ക്കാമെന്നും കോടതി അറിയിക്കുകയായിരുന്നു.