സിംബാബ്വേ ക്രിക്കറ്റ് ബോര്‍ഡുമായുള്ള പടലപിണക്കങ്ങള്‍ അവസാനിപ്പിച്ച് സിക്കന്ദര്‍ റാസ. ഇംഗ്ലണ്ടില്‍ ക്ലബ് ക്രിക്കറ്റ് കളിക്കുവാന്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ താരം പോയതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് കാനഡയിലെ ടി20 ലീഗായ ഗ്ലോബല്‍ ടി20 ലീഗിലും താരം സമാനമായ രീതിയില്‍ പങ്കെടുത്തതോടെ ബോര്‍ഡ് സിക്കന്ദര്‍ റാസയ്ക്ക് കേന്ദ്ര കരാര്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
തൂടര്‍ന്ന് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശ് പരമ്പരകളില്‍ നിന്ന് താരം ഒഴിവാക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഇന്നലെ ബോര്‍ഡ് അധികാരികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം സിക്കന്ദര്‍ റാസ തന്റെ ചെയ്തികള്‍ക്ക് മാപ്പപേക്ഷിക്കുകയും വീണ്ടും രാജ്യത്തിനു വേണ്ടി കളിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുകയായിരുന്നു.
സെപ്റ്റംബര്‍ 30നു ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കുന്ന മൂന്ന് ഏകദിനങ്ങളിലും 2 ടി20യിലും റാസ കളിക്കുന്നില്ലെങ്കിലും ബംഗ്ലാദേശ് പരമ്പരയില്‍ താരത്തെ ഉള്‍പ്പെടുത്തുകയായിരുന്നു. ബംഗ്ലാദേശില്‍ സിംബാബ്വേ മൂന്ന് ഏകദിനങ്ങളിലും രണ്ട് ടെസ്റ്റ് മത്സരങ്ങളിലും പങ്കെടുക്കും.