അഡിലെയ്ഡില്‍ 36 റണ്‍സിന് ഓള്‍ഔട്ട് ആയി ഓസ്ട്രേലിയയോടുള്ള മേല്‍ക്കൈ നഷ്ടപ്പെടുത്തിയ ഇന്ത്യയ്ക്ക് പരമ്പരയില്‍ ആരും സാധ്യത കല്പിച്ചിരുന്നില്ല. വിരാട് കോഹ്‍ലി നാട്ടിലേക്ക് മടങ്ങിയതോടെ ഇന്ത്യ പരമ്പരയില്‍ പതറുമെന്നാണ് വിലയിരുത്തപ്പെട്ടത്തെങ്കിലും ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് മെല്‍ബേണില്‍ നടത്തിയത്.
ഓസ്ട്രേലിയയ്ക്കെതിരെ എട്ട് വിക്കറ്റ് വിജയമാണ് രഹാനെയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം സ്വന്തമാക്കിയത്. ഈ വിജയത്തെ ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ അഭിമാന നിമിഷമെന്ന് വിശേഷിപ്പിക്കാമെന്നാണ് ഇന്ത്യയുടെ മുഖ്യ കോച്ച് രവി ശാസ്ത്രി പറഞ്ഞത്.
36 റണ്‍സിന് പുറത്തായ ശേഷം ശക്തമായ രീതിയില്‍ ഏതാനും ദിവസങ്ങള്‍ക്കകം തിരിച്ചുവരവ് നടത്തുക എന്ന് പറഞ്ഞാല്‍ തന്നെ താരങ്ങള്‍ അവരുടെ ക്യാരക്ടര്‍ കാണിച്ചു എന്നതിന്റെ വലിയ തെളിവാണെന്നും രവി ശാസ്ത്രി പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ തിരിച്ചുവരവുകളില്‍ ഒന്നായി ഈ വിജയം കുറിയ്ക്കപ്പെടുമെന്നും രവി ശാസ്ത്രി പറഞ്ഞു.
അജിങ്ക്യ രഹാനെ പൊരുതി നേടിയ 112 റണ്‍സാണ് മത്സരത്തില്‍ വലിയ പ്രഭാവം ഉണ്ടാക്കിയതെന്നും അതാണ് മത്സരത്തിലെ ടേണിംഗ് പോയിന്റ് എന്നും രവി ശാസ്ത്രി വ്യക്തമാക്കി. ബാറ്റിംഗ് ദുഷ്കരമായ ഒരു ദിവസം ടീം 60/2 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ക്രീസിലെത്തി ആറ് മണിക്കൂറോളം ബാറ്റ് ചെയ്ത രഹാനെ ക്യാപ്റ്റന്റെ ദൗത്യം നിറവേറ്റുകയായിരുന്നുവെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു.