ഓപ്പണര്‍ ദിമുത് കരുണാരത്നേയും ധനന്‍ജയ ഡിസില്‍വയും നല്‍കിയ സ്വപ്ന തുടക്കം കൈമോശം വരുത്തി ശ്രീലങ്ക. 173/1 എന്ന നിലയില്‍ രണ്ടാം വിക്കറ്റില്‍ 142 റണ്‍സ് കൂട്ടി ചേര്‍ത്ത ശേഷം ആദില്‍ റഷീദ് ധനന്‍ജയ ഡിസില്‍വയെ പുറത്താക്കി ഇംഗ്ലണ്ടിനു ആദ്യ ബ്രേക്ക് ത്രൂ നല്‍കുമ്പോളും ലങ്കന്‍ ടീം ഒരിക്കലും ഇത്തരത്തിലൊരു തകര്‍ച്ച മുന്നില്‍ കണ്ട് കാണില്ല.
ഏതാനും ഓവറുകള്‍ക്ക് ശേഷം ആദില്‍ റഷീദ് ദിമുത് കരുണാരത്നയേയും പുറത്താക്കിയതിനു ശേഷം ചീട്ട് കൊട്ടാരം പോലെ തകരുകയായിരുന്നു. കരുണാരത്നേ 83 റണ്‍സും ധനന്‍ജയ ഡിസില്‍വ 73 റണ്‍സും നേടി പുറത്തായ ശേഷം കുശല്‍ മെന്‍ഡിസ് മാത്രമാണ് ലങ്കന്‍ നിരയില്‍ പൊരുതി നോക്കിയത്. 27 റണ്‍സാണ് താരം നേടിയത്.
ആദില്‍ റഷീദ് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ബെന്‍ സ്റ്റോക്സ് 3 വിക്കറ്റും നേടി. രണ്ടാം ഇന്നിംഗ്സില്‍ നാലോവര്‍ ശ്രീലങ്കയുടെ ബൗളിംഗ് നേരിട്ട ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 3 റണ്‍സ് നേടിയിട്ടുണ്ട്. ഒന്നാം ഇന്നിംഗ്സില്‍ 96 റണ്‍സ് ലീഡുള്‍പ്പെടെ മത്സരത്തില്‍ നിന്ന് ഇംഗ്ലണ്ടിനു 99 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്. റോറി ബേണ്‍സ് 2 റണ്‍സും കീറ്റണ്‍ ജെന്നിംഗ്സ് 1 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.