21ആം നൂറ്റാണ്ടിൽ ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ ഓവറുകൾ എറിഞ്ഞ ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോണിന്റെ റെക്കോർഡ് മറികടന്ന് അഫ്ഗാൻ ബൗളർ റഷീദ് ഖാൻ. സിംബാബ്‌വെക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 99.2 ഓവർ എറിഞ്ഞാണ് റഷീദ് ഖാൻ ഷെയിൻ വോണിന്റെ റെക്കോർഡ് മറികടന്നത്. മത്സരത്തിൽ 275 റൺസ് വിട്ടുകൊടുത്ത റഷീദ് ഖാൻ 11 വിക്കറ്റും വീഴ്ത്തിയിരുന്നു. ആദ്യ ഇന്നിങ്സിൽ 36.3 ഓവറുകൾ എറിഞ്ഞ റഷീദ് ഖാൻ രണ്ടാം ഇന്നിങ്സിൽ 62.5 ഓവറുകളാണ് എറിഞ്ഞത്.
2002ൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ 98 ഓവറുകൾ എറിഞ്ഞ ഷെയിൻ വോണിന്റെ റെക്കോർഡാണ് റഷീദ് ഖാൻ മറികടന്നത്. അന്ന് ഷെയിൻ വോൺ 231 റൺസ് വഴങ്ങി 8 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തിരുന്നു. 2001ൽ ഇംഗ്ലണ്ടിനെതിരെ 96 ഓവറുകൾ എറിഞ്ഞ ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരനാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. ഒരു ടെസ്റ്റിൽ കൂടുതൽ ഓവറുകൾ എറിഞ്ഞ റെക്കോർഡ് വെസ്റ്റിൻഡീസ് ബൗളർ സോണി രാംദിനിന്റെ പേരിലാണ്. 1957ൽ ഇംഗ്ലണ്ടിനെതിരെ 129 ഓവറുകളാണ് രാംദിൻ എറിഞ്ഞത്.













