ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ മോശം പെരുമാറ്റത്തിനു മൂന്ന് താരങ്ങള്‍ക്കെതിരെ ഐസിസി പെരുമാറ്റ ചട്ട ലംഘനത്തിനു നടപടി. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും താരങ്ങള്‍ക്കെതിരെയാണ് ഈ നടപടി. ആവേശകരമായ മത്സരത്തിനിടെ പാക്കിസ്ഥാന് വിജയം നേടിയെങ്കിലും ഇരു ടീമുകളിലെയും താരങ്ങള്‍ തമ്മില്‍ പലപ്പോഴും കൊമ്പു കോര്‍ത്തിരുന്നു. മൂന്ന് താരങ്ങള്‍ക്കും 15 ശതമാനം മാച്ച് ഫീ പിഴയായും 1 ഡീമെറിറ്റ് പോയിന്റുമാണ് ശിക്ഷ.
അഫ്ഗാനിസ്ഥാന് ഇന്നിംഗ്സിന്റെ 33ാം ഓവറില്‍ ഹസ്മത്തുള്ള ഷഹീദിയ്ക്ക് നേരെ പന്തെറിയുവാന്‍ ഭിഷണിപ്പെടുത്തിയതിനാണ് ഹസന് അലിയ്ക്കെതിരെ നടപടി. അതേ സമയം 37ാം ഓവറില്‍ റണ്‍സ് എടുക്കുന്നതിനിടയില്‍ ഹസന് അലിയുടെ തോളില്‍ ചെന്നിടിച്ചതിനാണ് അസ്ഗര്‍ അഫ്ഗാനിനെതിരെ നടപടി. അതേ സമയം റഷീദ് ഖാനിനെതിരെ നടപടി ആസിഫ് അലിയെ പുറത്താക്കിയ ശേഷം നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചതിനാണ്. പാക്കിസ്ഥാന് ഇന്നിംഗ്സിന്റെ 47ാം ഓവറിലാണ് ഈ സംഭവം.
ഹസന് അലിയ്ക്കും റഷീദ് ഖാനും എതിരെ ഐസിസി നടപടി ഇതാദ്യമായിട്ടാണെങ്കില്‍ അസ്ഗര്‍ അഫ്ഗാന് 2017 ഫെബ്രുവരിയില്‍ സിംബാബ്വേയ്ക്കെതിരെ നടന്ന മത്സരത്തില്‍ അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതിനു നടപടി നേരിടേണ്ടി വന്നിട്ടുണ്ട്.