തിരുവനന്തപുരം: ബംഗ്ലാദേശ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ സഞ്ജു സാംസൺ രഞ്ജി ട്രോഫി കേരള ടീമിൽ ജോയിൻ ചെയ്തു. ബംഗ്ലാദേശിന് എതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടി കളിയിലെ താരമായി മാറിയ സഞ്ജുവിന്റെ വരവ് കേരള ടീമിന് ഊർജ്ജമാകും.

സഞ്ജുവിനെ കൂടാതെ ഫാസ്റ്റ് ബൗളർ ബേസിൽ എൻ.പിയും ടീമിൽ എത്തിയിട്ടുണ്ട്. സഞ്ജു കൂടി ടീമിൽ എത്തുന്നതോടെ കേരളത്തിൻ്റെ ബാറ്റിങ്ങ് നിര കൂടുതൽ ശക്തമാകും. 18 മുതൽ ബാംഗ്ലൂരിലാണ് കേരളത്തിൻ്റെ രണ്ടാം മത്സരം. അലൂർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കർണാടകയാണ് കേരളത്തിൻ്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനെ തോൽപ്പിച്ചിരുന്നു.