ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റ് സീസൺ പുനരാരംഭിക്കാൻ ബി.സി.സി.ഐ ശ്രമം. ഇത് പ്രകാരം ഈ സീസണിൽ രഞ്ജി ട്രോഫിയും സയ്ദ് മുഷ്‌താഖ് അലി ട്രോഫിയും മാത്രമാവും ഉണ്ടാവുക. സാധാരണ ഗതിയിൽ സെപ്റ്റംബറിലാണ് ഇന്ത്യയിൽ ആഭ്യന്തര സീസൺ ആരംഭിക്കുന്നത്.
എന്നാൽ ഈ സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്നത് കൊണ്ട് ഐ.പി.എൽ കഴിഞ്ഞാവും ആഭ്യന്തര സീസൺ ആരംഭിക്കുക. കൊറോണ വൈറസ് ബാധയെ തുടർന്ന് സീസൺ തുടങ്ങാൻ വൈകിയത് കണക്കിലെടുത്ത് ദുലീപ് ട്രോഫി, ദേവോധർ ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവ ഈ സീസൺ ഉണ്ടാവില്ല.
നാഷണൽ ക്രിക്കറ്റ് അക്കാദമി ചെയർമാൻ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആഭ്യന്തര സീസൺ എങ്ങനെ വേണമെന്ന കാര്യത്തിൽ തീരുമാനമെടുത്തത്. ഇത് പ്രകാരം നവംബർ 19 മുതൽ സയ്ദ് മുഷ്‌താഖ് അലി ട്രോഫി തുടങ്ങാനും ഡിസംബർ 7ന് ഫൈനൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി സീസൺ ഡിസംബർ 13ന് തുടങ്ങി മാർച്ച് 10ന് അവസാനിപ്പിക്കാനാണ് രാഹുൽ ദ്രാവിഡ് നിർദേശിച്ചിട്ടുള്ളത്.