ബംഗാളിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിൽ ശക്തമായി തിരിച്ചു വരവ് നടത്തി കേരളം. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ട്ടത്തില്‍ 267 റൺസെന്ന നിലയിലാണ് കേരളം. 64 റൺസോടെ സൽമാൻ നിസാറും 30 റൺസോടെ മൊഹമ്മദ് അസറുദ്ദീനുമാണ് കളി നിർത്തുമ്പോൾ ക്രീസിൽ.
നാല് വിക്കറ്റിന് 51 റൺസെന്ന നിലയിൽ വലിയ തകർച്ചയെ അഭിമുഖീകരിച്ചു കൊണ്ടാണ് കേരളം മൂന്നാം ദിവസം കളി തുടങ്ങിയത്. 32 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി. 12 റൺസെടുത്ത ക്യാപ്റ്റന്‍ സച്ചിൻ ബേബിയെയും 31 റൺസെടുത്ത അക്ഷയ് ചന്ദ്രനെയും ഇഷാൻ പോറലാണ് പുറത്താക്കിയത്. എന്നാൽ ഏഴാം വിക്കറ്റിൽ ജലജ് സക്സേനയും സൽമാൻ നിസാറും ഒത്തു ചേർന്നതോടെ കണ്ടത് കേരളത്തിൻ്റെ ശക്തമായ തിരിച്ചുവരവാണ്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 140 റൺസ് പിറന്നു. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ജലജ് സക്സേനയെ സിന്ധു ജെയ്സ്വാൾ ആണ് പുറത്താക്കിയത്. ജലജ് സക്സേന 84 റൺസെടുത്തു.
തുടർന്ന് സൽമാൻ നിസാറിനൊപ്പം ഒത്തു ചേർന്ന മൊഹമ്മദ് അസറുദ്ദീനും മികച്ച രീതിയിൽ ബാറ്റ് വീശി. ഇരുവരും ചേർന്ന കൂട്ടുകെട്ടിൽ ഇത് വരെ 44 റൺസ് പിറന്നിട്ടുണ്ട്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇഷാൻ പോറലാണ് ബംഗാൾ ബൌളിങ് നിരയിൽ തിളങ്ങിയത്.പശ്ചിമ ബംഗാളിലെ സാള്‍ട്ട് ലേക്ക് ജെ.യൂ സെക്കന്റ് ക്യാമ്പസ് സ്റ്റേഡിയത്തില്‍ വച്ചാണ് കളി നടക്കുന്നത്.