രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ മികച്ച ബൗളിംഗ് പ്രകടനം. ഇന്ന് മുംബൈയ്ക്കെതിരെ തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 251 റണ്ണിന് ഓളൗട്ട് ആയി. ആദ്യ ഇന്നിങ്സ് ലീഡ് നേടുക ആകും ഇനി കേരളത്തിന്റെ ലക്ഷ്യം. ഇന്ന് ഇന്ത്യൻ താരം ശിവം ദൂബെ മുംബൈക്ക് ആയി അർധ സെഞ്ച്വറി നേടി.
അവരുടെ സ്റ്റാർ ബാറ്റർ രഹാനെ പൂജ്യത്തിന് പുറത്തായി. ഇന്ത്യൻ ക്യാമ്പിൽ നിന്ന് മടങ്ങിയെത്തിയ സഞ്ജുവാണ് ഇന്ന് കേരളത്തെ നയിക്കുന്നത്.ഇന്ന് തുടക്കത്തിൽ തന്നെ ഓപ്പണർ ജയ് ബിസ്തയെയും പിന്നാലെ വന്ന രഹാനയെയും ബേസിൽ തമ്പി പൂജ്യത്തിൽ ഔട്ടാക്കുകയായിരുന്നു. 50 റൺസെടുത്ത ലാൽവാനി അവർക്ക് തുടക്കത്തിൽ ആശ്വാസം നൽകി. ലഞ്ചിന് ശേഷം ശിവം ദൂബെ അർധ സെഞ്ച്വറി നേടി. അദ്ദേഹം 72 പന്തിൽ നിന്ന് 51 റൺസ് എടുത്ത് പുറത്തായി.
അവസാനം തനിഷ് കോടിയനും മുംബൈക്ക് ആയി അർധ സെഞ്ച്വറി നേടി. 56 റൺസ് എടുത്താണ് തനിഷ് പുറത്തായത്. കേരളത്തിനായി ശ്രേയസ് ഗോപാൽ 4 വിക്കറ്റും ബേസിൽ തമ്പി, ജലജ് സക്സേന എന്നിവർ രണ്ടു വിക്കറ്റു വീതവും, നിധീഷ്, വിശ്വേഷ്വർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.