പോയിന്റുകള്‍ പങ്കുവെച്ച് കേരളവും ഹൈദ്രാബാദും

മൂന്നാം ദിവസം മഴ കവര്‍ന്ന കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരം സമനിലയില്‍. ഹൈദ്രാബാദും കേരളവും ഓരോ പോയിന്റ് വീതം പങ്കുവയ്ക്കുകയായിരുന്നു. ആദ്യ രണ്ട് ദിവസം ബാറ്റ് ചെയ്ത കേരളം 495/6 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തുവെങ്കിലും മത്സരത്തിന്റെ മൂന്നാം ദിവസം ഏതാനും ഓവറുകള്‍ മാത്രമേ നടന്നുള്ളു.

ഹൈദ്രാബാദിനെ ഓള്‍ഔട്ട് ആക്കി ബോണ്‍സ് പോയിന്റ് നേടുകയെന്ന കേരളത്തിന്റെ ലക്ഷ്യം ഹൈദ്രാബാദ് ബാറ്റ്സ്മാന്മാര്‍ ചേര്‍ന്ന് ചെറുക്കുകയായിരുന്നു. മത്സരത്തില്‍ 134/5 എന്ന നിലയിലേക്ക് വീണ ശേഷം കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ നാലാം ദിവസം 228/5 എന്ന നിലയില്‍ ഹൈദ്രാബാദ് അവസാനിപ്പിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സ് അവസാനിക്കാത്തതിനാലാണ് ഓരോ പോയിന്റുമായി ടീമുകള്‍ പിരിഞ്ഞത്.

അവസാന സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെയാണ് ഹൈദ്രാബാദ് മുന്നോട്ട് നീങ്ങിയത്. കൈവിരലിനു പരിക്കേറ്റ് ശേഷം പുറത്താകാതെ 42 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ച സുമന്ത് കൊല്ലയും 56 റണ്‍സ് നേടിയ സന്ദീപുമാണ് ഹൈദ്രാബാദിന്റെ രക്ഷകരായത്.

കേരളത്തിനായി അക്ഷയ് ചന്ദ്രന്‍ രണ്ട് വിക്കറ്റും സന്ദീപ് വാര്യര്‍, ജലജ് സക്സേന എന്നിവര്‍ ഓരോ വിക്കറ്റും നേടി.