രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ കേരളത്തിന് തകർപ്പൻ വിജയം. തിരുവനന്തപുരം നടന്ന മത്സരത്തിന്റെ അവസാന ദിവസം 158 എന്ന വിജയലക്ഷ്യം പിന്തുടർന്ന കേരളം 8 വിക്കറ്റ് വിജയമാണ് നേടിയത്. ഇന്ന് രോഹൻ എസ് കുന്നുമ്മലിനൊപ്പം ഓപ്പൺ ചെയ്യാൻ തീരുമാനിച്ച ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനം നിർണായകമായി.

സച്ചിൻ ബേബി 114 പന്തിൽ 56 റൺസുമായി ടോപ് സ്കോറർ ആയി. രോഹൻ എസ് കുന്നുമ്മൽ 36 പന്തിൽ നിന്ന് 48 റൺസ് അടിച്ച് കേരളത്തിന് മികച്ച തുടക്കമാണ് നൽകിയത്. രോഹൻ പോയ ശേഷം കളത്തിൽ എത്തിയ അപരജിത് 61 പന്തിൽ 39 റൺസുമായി സച്ചിൻ ബേബിക്ക് ഒപ്പം നിന്നു. ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ശേഷമാണ് കേരളത്തിന്റെ വിജയം.
ഇന്ന് നാലാം ദിനം കേരളം ആദ്യ സെഷനിൽ തന്നെ പഞ്ചാബിനെ എറിഞ്ഞിട്ടു. രണ്ടാം ഇന്നിംഗ്സിൽ പഞ്ചാബ് 142ന് ആണ് ഓളൗട്ട് ആയത്. ഇതോടെ കേരളത്തിന് 158 റൺസ് എടുത്താൽ വിജയം സ്വന്തമാക്കാം എന്നായി.

രണ്ടാം ഇന്നിംഗ്സിൽ 51 റൺസ് എടുത്ത പ്രബ്സിമ്രൻ സിംഗ് ആണ് പഞ്ചാബിന്റെ ടോപ് സ്കോറർ ആയത്. അന്മോല്പ്രീത് സിംഗ് 37 റൺസും എടുത്തു. കേരളത്തിനായി അപരിജിതും സാർവത്രെയും 4 വിക്കറ്റുകൾ വീതം വീഴ്ത്തി.
ജലജ് സക്സേന 2 വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിംഗ്സിൽ പഞ്ചാബ് 194 റൺസ് എടുത്തപ്പോൾ കേരളം 179ന് ഓളൗട്ട് ആയിരുന്നു.