രഞ്ജി ട്രോഫി കളിക്കേണ്ടെന്ന് വൃദ്ധിമാൻ സാഹയോട് ബി.സി.സി.ഐ

Staff Reporter

ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയോട് ബംഗാളിന് വേണ്ടി രഞ്ജി ട്രോഫി കളിക്കേണ്ടെന്ന് ബി.സി.സി.ഐ. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെയാണ് സാഹയോട് രഞ്ജി ട്രോഫി കളിക്കേണ്ടെന്ന് ബി.സി.സി.ഐ പറഞ്ഞത്. ബംഗാളിന്റെ ഡൽഹിക്കെതിരായ മത്സരമാണ് ഇതോടെ വൃദ്ധിമാൻ സാഹക്ക് നഷ്ടമാവുക. ന്യൂസിലാൻഡിനെതിരായ പരമ്പര മുൻപിൽ കണ്ടുകൊണ്ടാണ് സാഹയോട് വിശ്രമമെടുക്കാൻ ഇന്ത്യൻ ടീം മാനേജ്‌മന്റ് പറഞ്ഞത്.

നേരത്തെ ബംഗ്ളദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ വൃദ്ധിമാൻ സാഹ സർജറിക്ക് വിധേയനായിരുന്നു. തുടർന്ന് ബെംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ തുടർ ചികിത്സയിലായിരുന്നു വൃദ്ധിമാൻ സാഹ. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ഇന്ത്യ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 21ന് നടക്കും.