ഗയാനയിലെ ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിക്കപ്പെട്ട ശേഷം ഇന്ന് വിന്‍ഡീസും ഇന്ത്യയും പോര്‍ട്ട് ഓഫ് സ്പെയിനില്‍ രണ്ടാം മത്സരത്തിനായി തയ്യാറെടുക്കുമ്പോള്‍ അവിടെയും വില്ലനായി മഴയെത്തുമെന്ന ഭീഷണി നിലനില്‍ക്കുന്നു. വെറും 13 ഓവറുകള്‍ക്ക് ശേഷമാണ് ഗയാനയിലെ മത്സരം ഉപേക്ഷിക്കപ്പെട്ടത്. അതേ സമയം പോര്‍ട്ട് ഓഫ് സ്പെയിനില്‍ ടീമുകള്‍ക്ക് ഇതുവരെ നെറ്റ് പ്രാക്ടീസിന് അവസരം ലഭിച്ചിട്ടില്ല. നൂറോവര്‍ മത്സരം നടക്കുക ഏറെക്കുറെ അസാധ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മഴ മാറി നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ഇരു ടീമിലെയും താരങ്ങള്‍. ശ്രേയസ്സ് അയ്യരെ പോലെ ഈ ടൂറില്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവസരം ലഭിച്ച താരങ്ങള്‍ക്കെല്ലാം ഇത്തരത്തില്‍ കളി തടസ്സപ്പെടുന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. ടീമിലെ സ്ഥാനം ഉറപ്പിക്കുവാനുള്ള അവസരങ്ങളാണ് ഇത്തരത്തില്‍ താരങ്ങള്‍ക്ക് നഷ്ടമാകുന്നത്. നെറ്റ് പ്രാക്ടീസ് പോലും ലഭിക്കാത്ത സാഹചര്യമാണിപ്പോളുള്ളതെന്നാണ് ശ്രേയസ്സ് അയ്യര്‍ പറയുന്നത്.
സാഹചര്യങ്ങള്‍ തങ്ങളെ പിന്തുണയ്ക്കുന്നില്ല, എന്നാല്‍ എല്ലാ താരങ്ങളും മത്സരത്തിനായി ഉറ്റുനോക്കുകയാണെന്നും അയ്യര്‍ പറഞ്ഞു. ഇനിയുള്ള മത്സരങ്ങളില്‍ മഴ പെയ്യില്ലെന്നും മത്സരങ്ങള്‍ നടക്കുമെന്നുമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ശ്രേയസ്സ് അയ്യര്‍ വ്യക്തമാക്കി.