ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ കെഎല്‍ രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും കളിയ്ക്കില്ലെന്ന് ഉറപ്പായി. കോഫി വിത്ത് കരണിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കുള്ള ശിക്ഷ എന്ന നിലയിലാണ് ഈ സസ്പെന്ഷന്. നേരത്തെ രണ്ട് മത്സരങ്ങളില്‍ താരങ്ങള്‍ക്ക് വിലക്ക് വരുമെന്ന് പുറത്ത് വന്നിരുന്നുവെങ്കിലും അത് സസ്പെന്‍ഷനായി മാറുകയായിരുന്നു. എത്ര മത്സരങ്ങളില്‍ നിന്നാണ് വിലക്ക്, അല്ലേല്‍ എന്താവും തുടര്‍ നടപടികള്‍ എന്നതെല്ലാം അന്വേഷണത്തിനു ശേഷം മാത്രമേ പുറത്ത് വരികയുള്ളു. തത്കാലം ആദ്യ ഏകദിനത്തില്‍ ഇരുവരും കളിയ്ക്കില്ലെന്ന് ഉറപ്പായി.
അന്വേഷണം അവസാനിക്കുന്നത് വരെ ബിസിസിഐ, ഐസിസി അല്ലേല്‍ സംസ്ഥാന അസോസ്സിയേഷന് ടൂര്‍ണ്ണമെന്റുകളിലും ഇവര്‍ക്ക് കളിക്കാനാകില്ല.
വിരാട് കോഹ്ലിയും താരങ്ങളുടെ ഈ പെരുമാറ്റം ഇന്ത്യന്‍ ടീമിന്റെ അന്തസ്സിനു യോജിച്ചതല്ലെന്ന് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയ പ്രതിഷേധങ്ങള്‍ക്ക് ശേഷം ഹാര്‍ദ്ദിക് പാണ്ഡ്യ മാപ്പ് അപേക്ഷിച്ചിരുന്നു. ഇരു താരങ്ങള്‍ക്കെതിരെ കനത്ത ശിക്ഷ നടപടിയ്ക്ക് മാനേജ്മെന്റ് മുതിരുമെന്നും അറിയുന്നു. എന്നാല്‍ ലോകകപ്പ് അടുത്തിരിക്കുന്ന അവസരത്തില്‍ ഇരുവരുടെയും ആത്മവിശ്വാസം തകര്‍ക്കുന്ന നടപടിയ്ക്ക് ബിസിസിഐ മുതിരരുതെന്നും ഒരു വശത്ത് വാദമുയരുന്നുണ്ട്.