അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ തുടങ്ങുന്നതിനെതിരെ രാഹുൽ ദ്രാവിഡ്

Staff Reporter

കൊറോണ വൈറസ് ബാധയെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ തുടങ്ങാനുള്ള ശ്രമത്തിനെതിരെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് രംഗത്ത്. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് ആണ് പാക്സിതാനെതിരെയും വെസ്റ്റിൻഡീസിനെതിരെയുമുള്ള പരമ്പര അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനുള്ള ശ്രമം നടത്തുന്നത്. കൂടാതെ ഇന്ത്യക്കെതിരെയുള്ള പരമ്പര അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനുള്ള ശ്രമം ദക്ഷിണാഫ്രിക്കയും തുടങ്ങിയിരുന്നു.

എന്നാൽ കൊറോണ വൈറസ് ബാധക്ക് മരുന്ന് കണ്ടെത്തുന്നത് വരെ മത്സരം നടത്തരുതെന്ന നിലപാടാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രാഹുൽ ദ്രാവിഡിന് ഉള്ളത്. ബയോ സുരക്ഷയുള്ള ഗ്രൗണ്ടിൽ മത്സരങ്ങൾ നടത്തിയാലും ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം താരങ്ങളിൽ ഒരാൾക്ക് കൊറോണ പോസിറ്റീവ് ആയാൽ എന്താവുമെന്നും രാഹുൽ ദ്രാവിഡ് ചോദിച്ചു. ഇങ്ങനെ സംഭവിച്ചാൽ മത്സരം മുഴുവൻ നിർത്തിവെക്കേണ്ടി വരുമെന്നും മത്സരവുമായി ബന്ധപ്പെട്ട എല്ലാവരും ക്വറന്റൈൻ പോവേണ്ടി വരുമെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

ഇതോടെ ടെസ്റ്റ് മത്സരം മുടങ്ങുകയും ഇതിനായി ചിലവഴിച്ച തുകയെല്ലാം നഷ്ടത്തിലാവുകയും ചെയ്യുമെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. ഒരു താരം കൊറോണ പോസറ്റീവ് ആയാൽ പോലും മുഴുവൻ ടൂർണമെന്റും ഗവൺമെൻറ് നിർദേശ പ്രകാരം നിർത്തിവെക്കേണ്ടി വരുമെന്നും ദ്രാവിഡ് പറഞ്ഞു.