ഇന്ത്യയുടെ ലോകകപ്പ് ടീമിൽ താൻ സ്ഥാനം അർഹിക്കുന്നുണ്ടെന്ന് അജിങ്ക്യ രഹാനെ. ഇംഗ്ലണ്ടിലും വെയ്ൽസിലും നടക്കുന്ന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ എത്താനാവുമെന്നും രഹാനെ പറഞ്ഞു. 2018 ഫെബ്രുവരിക്ക് ശേഷം രഹാനെക്ക് ഇന്ത്യൻ ഏകദിന ടീമിൽ സ്ഥാനം ലഭിച്ചിരുന്നില്ല. പ്രാദേശിക ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച രഹാനെയെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുമെന്ന് സെലക്ടർ എം.എസ്.കെ പ്രസാദ് നേരത്തെ പറഞ്ഞിരുന്നു.
“ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്, അതെ സമയം തനിക്ക് അവസരം ലഭിക്കണം. ലോകകപ്പിൽ കളിക്കുക എന്നത് ഏതൊരു ക്രിക്കറ്റ് താരവും ആഗ്രഹിക്കുന്ന ഒന്നാണ്. ഞാൻ സെലക്ടർമാരുടെയും ടീം മാനേജ്മെന്റിന്റെയും തീരുമാനങ്ങളെ ബഹുമാനിക്കുന്നുണ്ട്. ലോകകപ്പിനുള്ള ടീമിൽ ഞാൻ ഒരു അവസരം അർഹിക്കുന്നുണ്ട്” രഹാനെ പറഞ്ഞു.
ലിസ്റ്റ് എ ക്രിക്കറ്റിൽ 11 ഇന്നിങ്‌സുകളിൽ നിന്ന് 74.62 ശരാശരിയോടെ 597 റൺസ് രഹാനെ നേടിയിരുന്നു. ഇതിൽ രണ്ടു സെഞ്ചുറികളും മൂന്ന് അർദ്ധ സെഞ്ചുറികളും ഉണ്ടായിരുന്നു. 2015 ലോകകപ്പിൽ രഹാനെ ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്നു.