രഹാനെയ്ക്കും പുജാരയ്ക്കും ഇനി തിരിച്ചുവരവ് പ്രയാസമാകും – സുനിൽ ഗവാസ്കര്‍

Sports Correspondent

ദക്ഷിണാഫ്രിക്കയിലെ മോശം ബാറ്റിംഗ് ഫോമിനെ തുടര്‍ന്ന് ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട അജിങ്ക്യ രഹാനെയ്ക്കും ചേതേശ്വര്‍ പുജാരയ്ക്കും ഇനി തിരിച്ചുവരവ് പ്രയാസമാകുമെന്ന് അഭിപ്രായപ്പെട്ട് സുനിൽ ഗവാസ്കര്‍.

കഴിഞ്ഞ രണ്ട് വര്‍ഷമായി അത്ര സ്ഥിരതയാര്‍ന്ന പ്രകടനം അല്ലായിരുന്നു ഇരു താരങ്ങളിൽ നിന്നും ഉണ്ടായത്. ഇതോടെ ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. ദക്ഷിണാഫ്രിക്കയിൽ ആറ് ഇന്നിംഗ്സിൽ നിന്ന് ഒരു അര്‍ദ്ധ ശതകം മാത്രമാണ് ഇരുവരും നേടിയത്.

ദക്ഷിണാഫ്രിക്കയിൽ ഒരു ശതകം ഇരുവരുടെയും രക്ഷയ്ക്ക് എത്തിയെനെ എന്നാണ് തനിക്ക് തോന്നുന്നതെന്നും ഇരുവരും രഞ്ജി ട്രോഫിയിൽ ഇരട്ട ശതകങ്ങള്‍ നേടിയാൽ തിരിച്ചുവരവ് സാധ്യമാകുമെങ്കിലും ഇരുവര്‍ക്കും പ്രായം അനുകൂലമല്ലെന്നും അതിനാൽ തന്നെ ഇനിയൊരു തിരിച്ചുവരവ് ശ്രമകരമായ കാര്യമാണെന്നും ഗവാസ്കര്‍ സൂചിപ്പിച്ചു.