ഇന്ത്യയുടെ പ്രകടനത്തിന്റെ ക്രെഡിറ്റ് അജിങ്കെ രഹാനെക്ക് : പോണ്ടിങ്

Staff Reporter

ഓസ്‌ട്രേലിയക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ പ്രകടനത്തിന്റെ ക്രെഡിറ്റ് ക്യാപ്റ്റൻ അജിങ്കെ രഹാനെക്കാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിവസം ഇന്ത്യയുടെ മികച്ച ബൗളിങ്ങിന് മുൻപിൽ ഓസ്ട്രേലിയ തകർന്നിരുന്നു. തുടർന്നാണ് രഹാനെയെ പ്രകീർത്തിച്ച് പോണ്ടിങ് രംഗത്തെത്തിയത്.

അഡ്‌ലെയ്ഡിലെ തകർച്ചക്ക് ശേഷം ഇന്ത്യയുടെ പ്രകടനത്തിൽ തനിക്ക് സംശയമുണ്ടായിരുന്നെന്നും എന്നാൽ രഹാനെയുടെ കീഴിൽ ഇന്ത്യ ഒരു മികച്ച ടീം ആയിരുന്നെന്നും പോണ്ടിങ് പറഞ്ഞു. രഹാനെ ഫീൽഡർമാരെ നിർത്തിയതും ബൗളർമാരെ മാറ്റിയതും മത്സരത്തിൽ ഇന്ത്യക്ക് അനുകൂലമായെന്നും പോണ്ടിങ് പറഞ്ഞു.

മത്സരത്തിൽ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്തിയതും ജോ ബാൺസിനെ പുറത്താക്കിയതും ഇന്ത്യയുടെ പ്ലാനിങ്ങിന്റെ ഫലമായിരുന്നെന്നും പോണ്ടിങ് പറഞ്ഞു. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ ഇന്ത്യ ആദ്യ ദിനം തന്നെ 195 റൺസിന് ഓൾ ഔട്ട് ആക്കിയിരുന്നു. ഇന്ത്യൻ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലി തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് തിരിച്ചിരുന്നു. തുടർന്നാണ് അജിങ്കെ രഹാനെ ഇന്ത്യയുടെ ക്യാപ്റ്റൻ ആയത്.