ട്വിറ്ററില്‍ സഹായം തേടി, പ്യൂമയുമായി കരാറിലെത്തി റയാന്‍ ബര്‍ള്‍

സിംബാബ്‍വേ ക്രിക്കറ്റിലെ മോശം സാമ്പത്തിക സ്ഥിതിയെ സൂചിപ്പിക്കുന്ന ട്വീറ്റ് ഇട്ട ദേശീയ താരം റയാന്‍ ബര്‍ളിന് സഹായവുമായി പ്യൂമ എത്തി. ഓരോ പരമ്പര കഴിഞ്ഞും ഷൂസ് ഗ്ലൂ ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുവാന്‍ ആരെങ്കിലും സ്പോണ്‍സര്‍മാരെ കിട്ടുവാന്‍ സഹായിക്കുമോ എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

അധികം വൈകാതെ ഗ്ലൂവിന്റെ കാര്യം മറന്നേക്കൂ എന്ന് പ്യൂമ ക്രിക്കറ്റ് ട്വീറ്റ് ചെയ്തതോടെ താരത്തിന്റെ സഹായത്തിനായി കമ്പനി സ്പോണ്‍സര്‍ ആയി എത്തുകയാണെന്ന സൂചന ലഭിച്ചു.

പിന്നീട് താരം തന്നെ ഇക്കാര്യം അറിയിക്കുകയും തന്റെ ട്വീറ്റിന് പിന്തുണ നല്‍കിയ എല്ലാ ആരാധകര്‍ക്കും നന്ദി അറിയിക്കുവാനും റയാന്‍ ബര്‍ള്‍ മറന്നില്ല.