ഇന്ത്യ vs ഓസ്ട്രേലിയ മൂന്നാം ട്വന്റി 20, കളിക്കാർ വ്യക്തിപരമായി വിലയിരുത്തപ്പെടുമ്പോൾ

- Advertisement -

ഇന്ത്യ
1) ശിഖർ ധവാൻ –ഫീൽഡിങ്ങിൽ പതിവ് പോലെ മികവ് പുലർത്തി. ബാറ്റിങിനിറങ്ങി ആദ്യം നേരിട്ടത് ഓസിസിന്റെ ഒന്നാം നമ്പർ ബൗളർ സ്റ്റാർക്കിനെ ആയത് കൊണ്ട് തന്നെ അല്പമൊരു പതർച്ചയോടെ ആയിരുന്നു തുടക്കം.അടുത്ത ഓവറിലും താളം കണ്ടെത്താൻ വിഷമിച്ചു നിന്ന ധവാൻ ആ ഓവറിലെ അവസാന പന്തിന്റെ ലെങ്ത് മുൻകൂട്ടി കണ്ട് ഓഫ്‌ സ്റ്റമ്പിന് വെളിയിലേക്ക് നീങ്ങി നിന്ന് ഫൈൻ ലെഗ്ഗിനും സ്ക്വയർ ലെഗ്ഗിനും ഇടയിലൂടെ ബൗണ്ടറി അടിച്ചു കൊണ്ട് ധവാൻ തന്റെ പഴയ ഫോം വീണ്ടെടുക്കുന്നതിന്റെ സൂചനകൾ തന്നു. തന്റെ രണ്ടാം ഓവറിനെത്തിയ കോൾട്ടർനൈലിനെ 20 റൺസിനും അത് കഴിഞ്ഞ് വന്ന ആദ്യ മത്സരത്തിലെ അവസാന ഓവർ ഹീറോ സ്റ്റോയ്‌നിസിനെ 22 റൺസിനും ശിക്ഷിച്ചപ്പോൾ അതിൽ ഏറിയ പങ്കും ധവാന്റെ ബാറ്റിൽ നിന്നായിരുന്നു. ഇതോടെ ഇന്ത്യ അഞ്ച് ഓവറിൽ 57 റൺസെന്ന സ്വപ്നസമാനമായ സ്കോറിങ്ങിലെത്തി. തന്റെ രണ്ടാം സ്പെല്ലിനെത്തിയ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുമ്പോഴേക്കും ധവാന്റെ ബാറ്റിൽ നിന്ന് ആറു തവണ നിലം പറ്റെയും രണ്ട് തവണ നിലം തൊടാതെയും പന്ത് ഗാലറിയെ ചുംബിച്ചിരുന്നു. ആദ്യ മത്സരത്തിൽ ഒറ്റയാൻ പ്രകടനം കൊണ്ട് ടീമിന് വിജയം നേടി കൊടുക്കാൻ കഴിയാതിരുന്നത് കൊണ്ട് അന്ന് നിർത്തിയേടത്തു നിന്ന് തുടങ്ങിയ ധവാനെ തന്നെയാണ് പരമ്പരയുടെ താരമായി തിരഞ്ഞെടുത്തതും.

2) രോഹിത് ശർമ
സാധാരണ മത്സരങ്ങളിൽ പതിയെ തുടങ്ങി പിന്നീട് ആളി കത്തുന്ന രോഹിത്തിനെയാണ് നാം പലപ്പോഴും കണ്ടിട്ടുള്ളതെങ്കിലും ഇത്തവണ നേരിട്ട മൂന്നാം പന്തിൽ തന്നെ തന്റെ ഇഷ്ടപെട്ട പുൾ ഷോട്ട് പുറത്തെടുത്ത് 30 വാരക്ക് ഉള്ളിൽ നിന്നിരുന്ന ഫൈൻ ലെഗ് ഫീൽഡർക്ക് മുകളിലൂടെ ബൗണ്ടറി അടിച്ചു തുടങ്ങിയ രോഹിത് ഇന്ന് നല്ലൊരു ഇന്നിംഗ്സ് കാഴ്ച വെക്കുമെന്ന് തോന്നിപ്പിച്ചു. മറ്റൊരു മനോഹരമായ പുൾ ഷോട്ട് കൂടെ പുറത്തെടുത്ത രോഹിത് ഇത്തവണ ആ ഷോട്ടിലൂടെ ഈ മത്സരത്തിലെ തന്നെ ആദ്യ സിക്സും തന്റെ പേരിൽ കുറിച്ചു. എന്നാൽ സാമ്പയുടെ പന്ത് റീഡ് ചെയ്യാതെ ഡിഫൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബാറ്റിൽ കൂടെ കയറി ഇറങ്ങി ബെയ്ൽസ് തെറിപ്പിച്ചപ്പോൾ 16 പന്തിൽ 1 ഫോറിന്റെയും 2 മനോഹരമായ സിക്സിന്റെയും അകമ്പടിയോടെ 23 റൺസുമായി നല്ല തുടക്കം മുതലാക്കാനാകാതെ രോഹിത് മടങ്ങി.

3)വിരാട് കോഹ്ലി -2018 ൽ 20 ഓവർ മത്സരങ്ങളിൽ തന്റെ ഇഷ്ടപെട്ട വൺ ഡൌൺ സ്ഥാനം ഫോമിലുള്ള കെ എൽ രാഹുലിന് കൊടുത്ത് ടു ഡൌൺ ഇറങ്ങിയിരുന്ന വിരാട് അവിടെ തനിക്ക് ചേർന്ന സ്ഥാനമല്ലെന്നു ഓരോ കളി കഴിയുമ്പോഴും തെളിയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സ്ഥാന മാറ്റവും ഇടക്ക് ചില ട്വന്റി 20പരമ്പരകളിൽ വിശ്രമം അനുവദിക്കപ്പെട്ടതുകൊണ്ടും ലോകത്തെ ഒന്നാം നമ്പർ ട്വന്റി 20 ബാറ്റ്സ്മാനിൽ നിന്ന് പതിനഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ രാഹുലിന് സ്ഥിരതയോടെ മൂന്നാം നമ്പറിൽ കളിക്കാൻ കഴിയാതെ വന്നതോടെ ഇന്നത്തെ കളിയിൽ വിരാട് തന്റെ ഇഷ്ട സ്ഥാനത്തേക്ക് മടങ്ങിയെത്തി. കരുതലോടെ തുടങ്ങിയ ഇന്നിംഗ്സിന് പതിയെ പതിയെ വേഗത വർദ്ധിച്ചു. വിക്കറ്റുകൾ ഒരുഭാഗത്ത് വീണു കൊണ്ടിരുന്നപ്പോഴും ക്ഷമയോടെ പിടിച്ചുനിന്ന വിരാട് റൺ റേറ്റ് ഉയർത്തേണ്ട സാഹചര്യത്തിൽ വേണ്ടരീതിയിൽ ബൗണ്ടറികൾ നേടിയും അല്ലാത്തപ്പോൾ സ്ട്രൈക്ക് കൈമാറി സിംഗിളുകളും ഡബിളുകളും ആയി കളം നിറഞ്ഞപ്പോൾ തന്നെ ചെയ്സിംഗ് ആരും പഠിപ്പിക്കേണ്ട എന്ന മുഖഭാവമായിരുന്നു കോഹ്‌ലിക്ക്. സമ്മർദ്ദ ഘട്ടത്തിൽ ഓസ്ട്രേലിയയുടെ മികച്ച ബൗളറായ ആൻഡ്രൂ ടൈയുടെ പന്ത് ലോങ്ങ് ഓഫിനു മുകളിലൂടെ കൃത്യമായ ടൈമിങ്ങോടെ നേടിയ സിക്സ് അദ്ദേഹത്തിൻറെ പ്രതിഭാ സ്പർശത്തിന് നേർ സാക്ഷ്യ മായിരുന്നു 41 പന്തിൽ നാലു ഫോറും രണ്ടു സിക്സും ഉൾപ്പെടെ 61 റൺസുമായി പുറത്താകാതെ നിന്ന് കളി ജയിപ്പിച്ചപ്പോൾ ക്യാപ്റ്റൻ മുന്നിൽനിന്ന് പടനയിച്ച് ഇന്ത്യയ്ക്ക് നേടിക്കൊടുത്ത വിജയങ്ങളുടെ പട്ടികയിലേക്ക് ഒന്നുകൂടെ ചേർക്കപ്പെട്ടു. ഇന്ത്യ ബൗൾ ചെയ്തപ്പോഴും മികച്ച രീതിയിൽ ഫീൽഡ് സെറ്റ് ചെയ്തും കൃത്യമായ സമയങ്ങളിൽ ബൗളിംഗ് മാറ്റങ്ങൾ വരുത്തിയും ക്യാപ്റ്റൻസിയിലും വിരാട് ഇന്ന് മികച്ചുനിന്നു

4)കെ എൽ രാഹുൽ – ഐപിഎല്ലിലെ മിന്നും പ്രകടനങ്ങളിലൂടെ ഇന്ത്യൻ ടീമിൽ സ്ഥിരം അംഗമായ രാഹുൽ പക്ഷേ സമീപകാലത്തായി തൻറെ പ്രതിഭയോട് ഒട്ടും നീതിപുലർത്താത്ത പ്രകടനമാണ് പുറത്തെടുക്കുന്നത്. കോഹ്ലി രാഹുലിന് അവസരം കൊടുക്കുന്നതിന്റെ ഭാഗമായി തൻറെ മൂന്നാം നമ്പർ സ്ഥാനം പോലും രാഹുലിനു നൽകിയിട്ടും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ രാഹുലിന് സാധിക്കുന്നില്ല ഇന്നും ഒട്ടും വ്യത്യസ്തമല്ലായിരുന്നു കാര്യങ്ങൾ ക്രീസിൽ സെറ്റ് ആകുന്നതിനു മുൻപേ തന്നെ റിവേഴ്സ് സ്വീപ്പ് പോലെയുള്ള അപകടകരമായ ഷോട്ടുകൾക്ക് ശ്രമിച്ചുകൊണ്ടിരുന്നു രാഹുൽ. 20 പന്തിൽ കേവലം 14 റൺസുമായി മടങ്ങേണ്ടിവന്ന രാഹുലിന് ഇനി എത്ര തവണ കൂടി കോഹ്ലിയും ഇന്ത്യൻ മാനേജ്മെന്റും അവസരം കൊടുക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു

5) ഋഷഭ് പന്ത് -പന്തിന് കാര്യമായൊന്നും ചെയ്യാൻ സാധിക്കാത്ത ഒരു മത്സരമായിരുന്നു ഇന്നത്തേത് വിക്കറ്റിനു പിന്നിൽ ശരാശരി പ്രകടനം കാഴ്ചവച്ച പന്തിന് ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ നേരിട്ട ആദ്യ പന്ത് തന്നെ റീഡ് ചെയ്യാൻ സാധിക്കാതെ ഒരു പുൾ ഷോട്ടിന് ശ്രമിച്ചു കീപ്പർക്ക് നൽകി നിരാശനായി മടങ്ങാനായിരുന്നു പന്തിന് വിധി.

6) ദിനേശ് കാർത്തിക്ക്- നല്ലൊരു ഓപ്പണിങ് കൂട്ടുകെട്ടിനു ശേഷം ഒരു തകർച്ചയെ അഭിമുഖീകരിച്ച ഇന്ത്യൻ ബാറ്റിംഗ് കൂടുതൽ തകർച്ചയിലേക്ക് പോകാതെ വിരാടിനെ തൻറെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ അനുവദിച്ച് ഒരു വശത്ത് നങ്കൂരമിട്ടു തന്റെ റോൾ കൃത്യമായി കാർത്തിക്ക് നിർവഹിച്ചു. അദ്ദേഹം വിരാടിനോടൊപ്പം ഉണ്ടാക്കിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

7)കൃണാൽ പാണ്ട്യ –ഇന്ന് അദ്ദേഹത്തിൻറെ ദിവസമായിരുന്നു ആദ്യ ഓവറിൽ 12 റൺസിന് ശിക്ഷിക്കപ്പെട്ടതിനുശേഷം അതിമനോഹരമായ ഒരു തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. ഓസീസിന് വേണ്ടി നല്ലരീതിയിൽ ബാറ്റ് വീശിയിരുന്ന ഷോർട്ടിനെ വിക്കറ്റിനു മുന്നിൽ കുടുക്കിയ അദ്ദേഹം തൊട്ടടുത്ത പന്തിൽ സ്ഥാനക്കയറ്റം കിട്ടി നാലാമനായി ബാറ്റിങ്ങിനിറങ്ങിയ മക്ഡർമോർട്ടിനെയും വിക്കറ്റിനു മുന്നിൽ കുടുക്കി ഓസീസിനെ തകർച്ചയിലേക്ക് തള്ളിവിട്ടു. പിന്നീട് തൻറെ മൂന്നാം ഓവറിൽ നിലയുറപ്പിക്കാൻ പാടുപെട്ടിരുന്ന മാക്സ് വേ ല്ലിനെ രോഹിതിന്റെ കൈകളിലെത്തിച്ചും തൻറെ അവസാന ഓവറിൽ അതുവരെ നന്നായി കളിച്ചുകൊണ്ടിരുന്ന കാരിയെ കോഹ്ലിയുടെ കൈകളിലെത്തിച്ചും തൻറെ ട്വൻറി 20 കരിയറിലെ മികച്ച ബൗളിങ് പ്രകടനത്തിലൂടെ ഇന്ത്യക്ക് മേൽക്കൈ നൽകാനും അദ്ദേഹത്തിന് സാധിച്ചു ആദ്യമത്സരത്തിൽ നാല് ഓവറിൽ 55 റൺസ് വിട്ടുകൊടുത്ത് ഓസ്ട്രേലിയയിൽ ഒരു ബൗളറുടെ ഏറ്റവും മോശം പ്രകടനം എന്ന നാണംകെട്ട റെക്കോർഡിന് ഉടമയിൽനിന്ന് മൂന്നാം മത്സരത്തിലേക്ക് എത്തിയപ്പോഴേക്കും ഓസ്ട്രേലിയയിൽ ട്വൻറി 20 യിൽ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച പ്രകടനത്തിനും അവകാശിയായി കളിയിലെ താരം എന്ന പട്ടവും കൊണ്ടാണ് കൃ ണാൽ തിരിച്ചുകയറിയത്

8)ഭുവനേശ്വർ കുമാർ – ഇംഗ്ലണ്ട് പര്യടനത്തിനിടെ പറ്റിയ പരിക്കിൽനിന്ന് മുക്തനായി വന്നതിനുശേഷം തൻറെ പഴയ മികവ് പുറത്തെടുക്കാൻ സാധിച്ചിട്ടില്ലാത്ത അദ്ദേഹത്തിന് ഇന്നും ഒരു ശരാശരി ദിവസമായിരുന്നു. പവർപ്ലേയിലും ഇന്നിംഗ്സിന്റെ അവസാനത്തിലും മോശമല്ലാത്ത രീതിയിൽ പന്തെറിഞ്ഞു എങ്കിലും അദ്ദേഹത്തിന്റെ പതിവ് നിലവാരത്തിലേക്കുയർന്നില്ല.

9)കുൽദീപ് യാദവ്- ഇന്നത്തെ മത്സരത്തിലെ അറിയപ്പെടാത്ത ഹീറോ ആണ് കുൽദീപ്. റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാണിച്ച് കുൽദീപ് ഓസീസ് ബാറ്റ്സ്മാൻമാരിൽ ഉണ്ടാക്കിയെടുത്ത സമ്മർദമാണ് കൃണാലിനു നാലുവിക്കറ്റ് എടുക്കുവാൻ സഹായകമായത്. ആദ്യത്തേതും അതി നിർണ്ണായകവും ആയ ഫിഞ്ചിന്റെ വിക്കറ്റെടുത്തു ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകിയതും അദ്ദേഹമാണ്.

10)ജസ്പ്രീത് ബുമ്ര– തൻറെ ബൗളിംഗിന് ഇടയിൽ തന്നെ അതിവിദഗ്ധമായ ഒരു ത്രോയിലൂടെ അപകടകാരിയായ ലിന്നിനെ റണ്ണൗട്ട് ആക്കിയത് ഒഴിച്ചാൽ അദ്ദേഹത്തിനും ഇന്നൊരു ശരാശരി ദിനം മാത്രമായിരുന്നു. അവസാന ഓവറുകളിൽ പലപ്പോഴും അദ്ദേഹം വിചാരിച്ച രീതിയിൽ അദ്ദേഹത്തിൻറെ വജ്രായുധമായ യോർക്കർ എറിയാൻ അദ്ദേഹത്തിന് സാധിക്കാതെ വന്നതോടെ പതിവിൽ കൂടുതൽ റൺസും വിട്ടു കൊടുക്കേണ്ടതായി വന്നു

11)ഖലീൽ അഹമ്മദ്‌ – ഒരു ഇടംകൈയ്യൻ ഫാസ്റ്റ് ബൗളറെ തപ്പിയുള്ള ഇന്ത്യയുടെ അന്വേഷണം ഇപ്പോൾ വന്നെത്തി നിൽക്കുന്ന ഖലീൽ കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒരുപാടൊന്നും മെച്ചപ്പെട്ടു എന്ന് പറയാൻ കഴിയില്ലെങ്കിലും അത്യാവശ്യം മോശമല്ലാത്ത രീതിയിൽ പന്തെറിഞ്ഞ ഖലീലിന് വിക്കറ്റൊന്നും നേടാനായില്ല എങ്കിലും ഇത്തരം മത്സരപരിചയങ്ങളിലൂടെ മാത്രമേ അദ്ദേഹത്തിന് തൻറെ കുറവുകൾ മനസ്സിലാക്കി തിരുത്താൻ സാധിക്കുകയുള്ളൂ എന്നതുകൊണ്ടും ഇന്ത്യയ്ക്ക് ഒരു ഇടം കയ്യൻ ഫാസ്റ്റ് ബൗളർ അത്യാവശ്യമാണ് എന്നിരിക്കിലും ഭേദപ്പെട്ട പ്രകടനം തന്നെയായിരുന്നു ഖലീലിന് ഏത് എന്ന് തന്നെ വേണം കരുതാൻ.

Advertisement