2015ലെ ക്രിക്കറ്റ് ലോകകപ്പ് മുഴുവൻ കളിച്ചത് കാൽ മുട്ടിനേറ്റ പൊട്ടലുമായിട്ടാണെന്ന് ഇന്ത്യൻ താരം മുഹമ്മദ് ഷമി. ആദ്യ മത്സരത്തിൽ തന്നെ തന്റെ കാൽ മുട്ടിന് പൊട്ടലേറ്റുവെന്നും എന്നാൽ അത് വകവെക്കാതെ കളിക്കുകയായിരുന്നുവെന്നും ഷമി വെളിപ്പെടുത്തി. മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനുമായി ഇൻസ്റ്റാഗ്രാമിൽ നടത്തിയ ലൈവ് ചാറ്റിംഗിലാണ് തന്റെ പരിക്കിനെ കുറിച്ച് മുഹമ്മദ് ഷമി വെളിപ്പെടുത്തിയത്.
മത്സരം തുടങ്ങുന്നതിന് മുൻപ് എല്ലാ ദിവസവും ഡോക്ടർമാർ തന്റെ മുട്ടിൽ നിന്ന് നീര് പുറത്തെടുക്കാറുണ്ടായിരുന്നെന്നും മുഹമ്മദ് ഷമി പറഞ്ഞു. ഓരോ മത്സരം കഴിയുമ്പോഴും തനിക്ക് നടക്കാൻ പോലും കഴിയാറുണ്ടായിരുന്നെന്നും ദിവസവും മൂന്ന് വേദന സംഹാരികൾ കഴിച്ചാണ് താൻ കളിച്ചിരുന്നതെന്നും മുഹമ്മദ് ഷമി പറഞ്ഞു. അന്ന് ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിംഗ് ധോണിയും ടീം മാനേജ്മെന്റും നൽകിയ ആത്മവിശ്വാസമാണ് തന്നെ കളിക്കാൻ സഹായിച്ചതെന്നും ഷമി പറഞ്ഞു.
2015 ലോകകപ്പിൽ 7 മത്സരങ്ങൾ കളിച്ച മുഹമ്മദ് ഷമി 17 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഉമേഷ് യാദവിന് പിന്നിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം കൂടിയായിരുന്നു മുഹമ്മദ് ഷമി. 2015 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റ് പുറത്താവുകയായിരുന്നു.