വ്യക്തിഗത കാരണങ്ങൾ ചൂണ്ടിക്കാണിച്ച് പീറ്റര്‍ സിഡിൽ കൗണ്ടിയിൽ നിന്ന് മടങ്ങി

- Advertisement -

കൗണ്ടി സീസൺ പാതി വഴിയിൽ അവസാനിപ്പിച്ച് ഓസ്ട്രേലിയയിലേക്ക് മടങ്ങി പീറ്റര്‍ സിഡിൽ. വ്യക്തിഗതമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് താരം നാട്ടിലേക്ക് മടങ്ങിയത്. കൗണ്ടിയിൽ എസ്സെക്സിന് വേണ്ടിയാണ് താരം കളിച്ചിരുന്നത്. തനിക്ക് വീട്ടിലേക്ക് മടങ്ങേണ്ടതുണ്ടെന്നും ഭാവിയിൽ എസ്സെക്സിനായി കളിക്കാന്‍ വീണ്ടുമെത്താനാകുമെന്നാണ് കരുതുന്നതെന്നും പീറ്റര്‍ സിഡിൽ പറ‍ഞ്ഞു.

ഈ സീസണിൽ എസ്സെക്സിന് വേണ്ടി 6 മത്സരത്തിൽ നിന്ന് 20 വിക്കറ്റാണ് താരം നേടിയത്. 2019ൽ എസ്സെക്സ് കൗണ്ടി കിരീടം നേടിയപ്പോൾ ടീമിലംഗമായിരുന്നു സിഡിൽ. എന്നാൽ കഴി‍ഞ്ഞ വര്‍ഷത്തെ ബോബ് വില്ലീസ് ട്രോഫിയിൽ താരത്തിന് പങ്കെടുക്കാനായില്ല. കോവിഡ് മാനദണ്ഡങ്ങള്‍ കാരണം കരാര്‍ റദ്ദാക്കിയതും പിന്നീട് യാത്ര നിയന്ത്രണങ്ങളുമെല്ലാമാണ് അന്ന് താരത്തിനെ പങ്കെടുക്കുന്നതിൽ നിന്ന് തടഞ്ഞത്.

ഈ സീസണിൽ താരം കളിച്ച അവസാന മത്സരത്തിൽ നോട്ടിംഗാംഷയറിനെതിരെ സിഡിൽ നാല് വിക്കറ്റ് നേടിയിരുന്നു.

Advertisement